Connect with us

Kerala

ടീം രാഹുല്‍ റെഡി: യുവാക്കള്‍ക്ക് പ്രാധാന്യം

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍ യുവനിരക്ക് പ്രധാന്യം. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവ നേതാക്കള്‍ക്ക് നല്‍കി. ഗുജറാത്തിന്റെ ചുമതല രാജീവ് സത്‌വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിംഗിനുമാണ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി കെ ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിംഗിന് നല്‍കിയത്. ഒഡീഷയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിന് മുന്നോടിയായാണ് പുതിയ ആള്‍ക്ക് ചുമതല നല്‍കിയത്.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയത്തിനടുത്തെത്തുന്ന പ്രകടനത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ച സംസ്ഥാനത്തിന്റെ ചുമതലക്കാരന്‍ അശോക് ഗെഹ്‌ലോട്ടിനെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തി. ഗെഹ്‌ലോട്ടിന് പകരമാണ് ലോക്സഭാ എം പിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ രാജീവ് സത്‌വയെ നിയമിച്ചത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെഹ്ലോട്ടിനെ സംഘടനാ ചുമതലുയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പായി. ജനാര്‍ദന്‍ ദ്വിവേദി രാജിവെച്ച ഒഴിവിലേക്കാണ് ഗെഹ്ലോട്ടിന്റെ നിയമനം. ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലി രാജസ്ഥാനില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പുതിയ നിയമനത്തിലൂടെ ശമനമായി.

കൂടാതെ, സേവാദളിന്റെ സംഘടനാ തലവന്‍ മഹേന്ദ്ര ജോഷിയെ മാറ്റി ഗുജറാത്തില്‍ നിന്നുള്ള നേതാവ് ലാല്‍ജി ദേശായിയെ നിയമിച്ചു. വരും ദിവസങ്ങളില്‍ പാര്‍ട്ടി ഘടകങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.