Connect with us

Kerala

ഇസിലില്‍ ചേര്‍ന്ന നാല് മലയാളികള്‍ മരിച്ചെന്ന് വിവരം: സ്ഥിരീകരിക്കാതെ എന്‍ ഐ എ

Published

|

Last Updated

തിരുവനന്തപുരം: ഭീകരവാദ സംഘടനയായ ഇസിലില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് കരുതപ്പെടുന്ന മലയാളികളില്‍ അമ്മയും കുഞ്ഞുമുള്‍പ്പെടുന്ന നാലുപേര്‍ മരിച്ചതായി അനൗദ്യോഗിക വിവരം. എന്നാല്‍ ഇതിന് കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. കാസര്‍കോട് പടന്ന സ്വദേശികളായ ഷിഹാസ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവര്‍ ഒരുമാസം മുമ്പുണ്ടായ യു എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ത്യക്കരിപ്പൂര്‍, പടന്ന സ്വദേശികള്‍ കൊല്ലപ്പെട്ട വിവരം എന്‍ ഐഎയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് അനൗദ്യോഗികമായി ലഭിച്ചിരുന്നതായി പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

എന്നാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്റര്‍പോളില്‍ നിന്നാണ് നാല് മലയാളികളുടെ മരണ വിവരം അറിഞ്ഞതെന്നാണ് കരുതുന്നത്. ഇതേകുറിച്ച് വഎന്‍ ഐ എ അന്വേഷിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ഇസില്‍ ക്യാമ്പില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാറോ സൈനിക വിഭാഗങ്ങളോ ഇത് സംബന്ധിച്ച് വിവരം നല്‍കിയിട്ടില്ല. കേരളത്തില്‍ നിന്ന് കാണാതായവര്‍ ഉള്‍പ്പെടെ എത്തിപ്പെട്ട സ്ഥലമായി കരുതുന്നിടമാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യ. 2016 ജൂലായിലാണ് കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഷിഹാസിനെയും ഭാര്യ അജ്മലയെയും കാണാതാകുന്ന സമയത്ത് ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. പിന്നീട് അജ്മല പ്രസവിച്ച വിവരം ബന്ധുക്കള്‍ക്ക് സാമൂഹിക മാധ്യമം വഴി ലഭിച്ചിരുന്നുവത്രെ.

കേരളത്തില്‍ നിന്ന് 22 പേരാണ് ഇസിലില്‍ ചേര്‍ന്നതായി ഔദ്യോഗിക വിവരമുള്ളത്. സിറിയയിലും നംഗര്‍ഹാര്‍ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. ഇവരില്‍ ചിലര്‍ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെയാണ് ഇവിടേക്ക് എത്തിയതെന്നാണ് വിവരം. അതേസമയം, കേരളത്തിലെ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നിരുന്നുവെന്ന് കരുതുന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ വര്‍ഷം കേരള പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ രണ്ട് വെബ്‌സൈറ്റുകള്‍ ഷജീര്‍ നടത്തിയിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു. കാസര്‍കോട് നിന്ന് പതിനാറ് പേര്‍ ഇസിലില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് എന്‍ ഐ എ ഉള്‍പ്പെടെ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇതില്‍ തൃക്കരിപ്പൂര്‍ സ്വദേശിയായ മര്‍വാനുള്‍പ്പെടെ ഏതാനും പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.

Latest