പെണ്‍മക്കളെ അനാശാസ്യത്തിനു പ്രേരിപ്പിച്ച അറബ് പൗരന് ശിക്ഷ

Posted on: March 30, 2018 9:15 pm | Last updated: March 30, 2018 at 9:15 pm

റാസ് അല്‍ ഖൈമ: പെണ്‍മക്കളെ അനാശാസ്യത്തിനു നിര്‍ബന്ധിച്ച പിതാവിനു പത്തു വര്‍ഷം തടവ് . പത്തു പെണ്‍മക്കളില്‍ രണ്ടു പേരെയാണ് അറബ് പൗരനായ ഇയാള്‍ അനാശാസ്യത്തിനു നിര്‍ബന്ധിച്ചത്. വീട് പൂട്ടിയിടാനും കോടതി ഉത്തരവിട്ടു.

ഇരുപതു വയസുകാരിയായ മകളെ തടവില്‍ പാര്‍പ്പിച്ചതുള്‍പ്പെടെ ഏഴ് വകുപ്പുകളാണ് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ചുമത്തിയത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് മകള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇളയ പെണ്‍കുട്ടിക്കു പുറമെ 31 വയസുള്ള മറ്റൊരു മകളോടും ഇയാള്‍ മോശമായി പെരുമാറി. മാനഭംഗം, അധിക്ഷേപം, ചൂഷണം, അക്രമം, അനാശാസ്യത്തിനു നിര്‍ബന്ധിക്കല്‍ തുടങ്ങിയവയാണ് കുറ്റങ്ങള്‍. അതേസമയം പ്രതി കുറ്റങ്ങളെല്ലാം നിഷേധിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോടതി ഏര്‍പ്പാടാക്കിയ രണ്ട് അഭിഭാഷകരാണ് പ്രതിക്കു വേണ്ടി ഹാജരായത്.

ആറു വര്‍ഷത്തോളം പിതാവ് വീട്ടില്‍ പൂട്ടിയിട്ടു. നിശാ ക്ലബുകളില്‍ നൃത്തം ചെയ്യുന്നതിനും നിര്‍ബന്ധിച്ചു. പിന്നീടു പണത്തിനായി അനാശാസ്യം നടത്താന്‍ ആവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോള്‍ പല തവണ മര്‍ദിച്ചുവെന്ന് പരാതിക്കാരിയായ മകള്‍ റാസ് അല്‍ ഖൈമ പോലീസിലും പിന്നീട് കോടതിയിലും വ്യക്തമാക്കി. മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പിതാവിന്റെ മുന്നില്‍തന്നെ ചെന്നുപെടുകയായിരുന്നു. വീണ്ടും പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്. ഇളയ മകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെല്ലാം പിതാവില്‍ നിന്ന് തനിക്കുനേരെയും ഉണ്ടായതായി യുവതിയുടെ മൂത്തസഹോദരിയും പരാതിപ്പെട്ടു. പിതാവ് മര്‍ദിക്കുന്നതിനാലാണ് ഇക്കാര്യങ്ങളൊന്നും നേരത്തെ പുറത്തു പറയാതിരുന്നത്.

വീടിനു പുറത്ത് തങ്ങള്‍ക്ക് ആരെയും പരിചയമില്ലെന്നും ഇവര്‍ പറഞ്ഞു. അനാശാസ്യത്തിനു യുവതിയെ നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തതും കോടതി പ്രധാന തെളിവായി സ്വീകരിച്ചു. പെണ്‍മക്കളുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് നിശാക്ലബിലെത്തിച്ചതെന്നുമാണു പിതാവിന്റെ വാദം.