ജോലി അന്വേഷിച്ചെത്തിയ യുവതിയോട് മോശം പെരുമാറ്റം; ഇന്ത്യന്‍ വ്യവസായിയെ വിചാരണ ചെയ്യും

Posted on: March 30, 2018 9:11 pm | Last updated: March 30, 2018 at 9:11 pm

ദുബൈ: ജോലി അന്വേഷിച്ച് എത്തിയ ഫിലിപ്പീന്‍ യുവതിയോട് മോശമായി പെരുമാറിയ ഇന്ത്യക്കാരനായ വ്യവസായിയെ വിചാരണ ചെയ്യും. ദുബൈയില്‍ അഭിമുഖത്തിന് എത്തിയ ഫിലിപ്പീന്‍ യുവതിയെ കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട ശേഷം ഇയാള്‍ ചുംബിച്ചുവെന്നാണ് പരാതി. സ്വന്തമായി കമ്പനി നടത്തുന്ന ഇന്ത്യക്കാരനുമായി സംസാരിച്ച ശേഷമാണ് അഭിമുഖത്തിനായി ജനുവരിയില്‍ ഇയാളുടെ കമ്പനിയില്‍ എത്തിയത് എന്നാണ് യുവതിയുടെ മൊഴി.

യുവതിയുടെ കഴിവ് പരിശോധിക്കുന്നതിന്റെ ഭാഗമായി കാപ്പി ഉണ്ടാക്കാന്‍ പറഞ്ഞു. ഈ സമയം പ്രതിയായ വ്യവസായി പുറകിലൂടെ വരികയും കവിളില്‍ ചുംബിക്കുകയും ചെയ്തു. പിന്നീട് മോശമായ രീതിയില്‍ പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി ഉറക്കെ ബഹളം വെക്കുകയും വ്യവസായിയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ നിന്ന് യുവതി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയും ചെയ്തു. പോലീസ് പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും ദുബൈ പ്രാഥമിക കോടതിയില്‍ നടന്ന വാദത്തിനിടെ കുറ്റം നിഷേധിച്ചു. എന്നാല്‍, പ്രതി യുവതിയെ ഉപദ്രവിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അല്‍ റഫയില്‍ വച്ചാണ് സംഭവം നടന്നതെന്ന് യുവതി മൊഴി നല്‍കി. കേസില്‍ വാദം തുടരും.