Connect with us

Gulf

സി ബി എസ് ഇ പരീക്ഷകളുടെ പുനഃക്രമീകരണം; ആശങ്കയിലായി പ്രവാസി വിദ്യാര്‍ഥികള്‍

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടന്ററി എഡ്യൂക്കേഷന് (സി ബി എസ് ഇ) കീഴില്‍ നടത്തിയ വാര്‍ഷിക പരീക്ഷയുടെ ചില ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് 12-ാം തരത്തിലെ ഇക്കണോമിക്‌സ്, പത്താം തരത്തിലെ മാത്തമാറ്റിക്സ് എന്നീ പരീക്ഷകള്‍ വീണ്ടും നടത്തുവാന്‍ നിശ്ചയിച്ച ബോര്‍ഡ് തീരുമാനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക. പലരും ദിവസങ്ങളുടെ കഠിന പരിശ്രമത്തിനൊടുവിലാണ് പരീക്ഷ പൂര്‍ത്തീകരിച്ചത്. അതേസമയം, ഡല്‍ഹിയില്‍ നിന്ന് പേപ്പറുകള്‍ ചോര്‍ന്ന വാര്‍ത്ത പുറത്തു വന്നതോടെ വിദ്യാര്‍ഥികളില്‍ ആശങ്ക പരന്നിരുന്നു. എങ്കിലും പരീക്ഷ പുനഃക്രമീകരിക്കില്ല എന്ന് തന്നെയാണ് വിദ്യാര്‍ഥികള്‍ കരുതിയിരുന്നത്. പരീക്ഷ വീണ്ടും നടത്തുന്ന അവസ്ഥ സംജാതമായാല്‍ തയ്യാറെടുപ്പുകള്‍ വീണ്ടും നടത്തേണ്ടി വരുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആശങ്ക. എന്നാല്‍ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പലരിലും പേപ്പറുകളുടെ കോപ്പി എത്തി ചേരുകയും ചെയ്തതോടെ ഈ രണ്ടു പരീക്ഷകളും പുതുക്കി നടത്തുവാന്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് നമ്പറുകളിലടക്കം ചോദ്യ പേപ്പറുകളുടെ കോപ്പി എത്തി എന്നാണ് റിപോര്‍ട്. ബോര്‍ഡിന്റെ പുതിയ തീരുമാനം കഴിഞ്ഞ ദിവസം പുറത്തു വന്നത് പ്രവാസ ലോകത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഞെട്ടലുളവാക്കുന്നതായി. ഒട്ടനവധി കുടുംബങ്ങളാണ് പരീക്ഷ പൂര്‍ത്തിയാകുന്നതോടെ നാട്ടിലേക്ക് തിരിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നത്. ഇവരുടെ യാത്രബോര്‍ഡിന്റെ തീരുമാനം അനിശ്ചിതത്വത്തിലാക്കി. ഏതാനും ചില കുബുദ്ധികളായ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തികളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടേണ്ട ഗതികേടാണ് സംജാതമായിട്ടുള്ളതെന്നാണ് പലരും പങ്ക് വെച്ചത്.

പാഠപുസ്തകത്തിന്റെ ഫുള്‍ പോര്‍ഷന്‍ ഉള്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ഷിക പരീക്ഷ നടന്നത് ഈ വട്ടമാണ്. അതിനാല്‍ പരീക്ഷക്ക് ഒരുക്കവും തകൃതിയായിരുന്നു. എങ്കിലും ഈ വര്‍ഷത്തെ കണക്ക് പരീക്ഷ ശരാശരി നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍കടക്കം എളുപ്പമായിരുന്നു. പരീക്ഷ കഴിഞ്ഞതോടെ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനുള്ള തയാറെടുപ്പിലായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുമെന്നത് നിരാശ പടര്‍ത്തുന്നു. എങ്കിലും കണക്ക് പരീക്ഷ വീണ്ടും എഴുതേണ്ടി വരുന്നത് തങ്ങളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് യു എ ഇയിലെ മാധ്യമ പ്രവര്‍ത്തക തന്‍സി ഹഷീറിന്റെ മകളും ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ ലിയാന ഹഷീര്‍ പറയുന്നു. അതേസമയം, പുതുക്കിയ പരീക്ഷാ തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്്. ഏപ്രില്‍ 21ന് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കേരള എന്‍ട്രന്‍സ് പരീക്ഷകള്‍ ഏപ്രില്‍ 24ന് തുടങ്ങുമെന്നിരിക്കെ എന്‍ട്രന്‍സിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പുതിയ സംഭവങ്ങള്‍ ബുദ്ധിമുട്ടാവുന്നുണ്ട്.

അവധിക്ക് പോവാനിരുന്ന
കുടുംബങ്ങളെ വെട്ടിലാക്കി

ദുബൈ: പത്താം ക്ലാസിലെ മാത്സ്, 12-ാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന സി ബി എസ് ഇ അറിയിപ്പ് നാട്ടില്‍ പോകാനിരുന്ന പല കുടുംബങ്ങളെയും വെട്ടിലാക്കി. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഏതു ദിവസത്തേക്കു ടിക്കറ്റ് മാറ്റിയെടുക്കണമെന്നു തീരുമാനിക്കാന്‍ കഴിയുന്നുമില്ല.

പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം കൂടിയ നിരക്കില്‍ പുതിയ ടിക്കറ്റ് എടുക്കുകയും വേണം. കുടുംബത്തിന്റെ മുഴുവന്‍ യാത്രയും പുനഃക്രമീകരിക്കേണ്ടി വരുമെന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും നേരിടേണ്ടിവരിക. നാട്ടിലുള്ള മക്കളെ പരീക്ഷയ്ക്കുശേഷം ഗള്‍ഫിലേക്കു ഹ്രസ്വ സന്ദര്‍ശനത്തിനു കൊണ്ടുവരാനിരുന്നവരും പ്രതിസന്ധിയിലായി. പൊതുവേ ഗള്‍ഫ് മലയാളികള്‍ വാര്‍ഷികാവധിക്കു നാട്ടിലേക്കെത്തുന്ന തിരക്കു തുടങ്ങിയിട്ടില്ല. കുട്ടികളെ പ്ലസ് ടുവിനു നാട്ടിലേക്കു മാറ്റാനും പ്ലസ് ടുവിനു ശേഷം പ്രഫഷനല്‍ കോഴ്‌സില്‍ സീറ്റ് ഉറപ്പാക്കാനും ശ്രമിക്കുന്നവരാണ് ഇപ്പോള്‍ വരുന്നത്.