Connect with us

International

അമേരിക്കയുടെ 60 നയതന്ത്രജ്ഞര്‍ അടുത്ത മാസം അഞ്ചിനകം രാജ്യം വിടണമെന്ന് റഷ്യ

Published

|

Last Updated

മോസ്‌കൊ: അമേരിക്കയുടെ 60 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ റഷ്യ ആവശ്യപ്പെട്ടു. ഏപ്രില്‍ അഞ്ചിന് മുമ്പ് ഇവരോട് രാജ്യം വിടാനാണ് ഔദ്യോഗികമായി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 60 റഷ്യന്‍ ഉദ്യോഗസ്ഥരെ അമേരിക്ക ഈ ആഴ്ച ആദ്യം പുറത്താക്കിയതിന് മറുപടിയായാണ് 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്‌കോയിലെ യു എസ് എംബസിയിലെ 58 പേരെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യു എസ് കോണ്‍സുലേറ്റിലെ രണ്ട് പേരോടുമാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിനു പുറമെ യു എസ് കോണ്‍സുലേറ്റിന്റെ പെര്‍മിറ്റ് റഷ്യ റദ്ദാക്കിയതോടെ കോണ്‍സുലേറ്റും അടച്ചുപൂട്ടേണ്ടിവരും.

ബ്രിട്ടനില്‍ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനും മകള്‍ക്കും നേരെയുണ്ടായ രാസായുധാക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നാരോപിച്ച് ബ്രിട്ടനും യു എസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. വിവിധ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിന് പിന്നില്‍ അമേരിക്കയാണെന്ന് റഷ്യ ആരോപിച്ചു.