Connect with us

Kerala

'ശീതള പാനീയ കേന്ദ്രങ്ങള്‍' മുളച്ചുപൊന്തുന്നു

Published

|

Last Updated

കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുമ്പോള്‍ കുടിവെള്ളക്ഷാമവും ജലജന്യ രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയേയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുമ്പോഴും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന കടലാസിലൊതുങ്ങുന്നു. വേനല്‍ കടുത്തതോടെ വഴിയോരങ്ങളിലും മറ്റുമുയരുന്ന താത്കാലിക കുടിവെള്ള വില്‍പ്പന കേന്ദ്രങ്ങളിലടക്കമാണ് യാതൊരു പരിശോധനയും നടക്കാത്തത്. സുരക്ഷ ഉറപ്പാക്കാതെ പാതയോരങ്ങളില്‍ ജൂസുകളും മറ്റ് ശീതളപാനീയങ്ങളും വില്‍പ്പന ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.

കുടിവെള്ളം കിട്ടാക്കനിയായി മാറിയ ദേശീയപാതയുടെയും അനുബന്ധ റോഡരികുകൡലും മറ്റും കൂണുപോലെ താത്കാലിക കൂള്‍ബാറുകള്‍ വെനല്‍ക്കാലത്ത് മുളച്ചു പൊന്തിയിട്ടുള്ളത്. ചൂട് വര്‍ധിച്ചതോടെ ജൂസിനും മറ്റ് ശീതള പാനീയങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇത് മുതലെടുത്ത് നിലവാരമില്ലാത്ത പാനീയങ്ങളാണ് പലയിടത്തും വിറ്റഴിക്കപ്പെടുന്നത്.

ശീതളപാനീയം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, ഐസ്, പാല്‍, തൈര് എന്നിവ നിശ്ചിത ഗുണനിലവാരം ഉള്ളതും സുരക്ഷിതവും ആയിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, ഇതൊന്നും പലയിടത്തും പാലിക്കപ്പെടാറില്ല. ജൂസ്, ഫ്രൂട്ട്‌സലാഡ്, ഫലൂദ, ഷെയ്ക്ക്, ലെസ്സി, സര്‍ബത്ത്, സംഭാരം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പാല്‍, പഞ്ചസാര, നട്‌സ്, തൈര്, എസന്‍സ്, സിറപ്, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍നിന്നേ വാങ്ങാവൂയെന്നും ജ്യൂസിനായി ഉപയോഗിക്കുന്ന പഴങ്ങള്‍ നന്നായി കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നും കീടബാധയേറ്റ പഴങ്ങള്‍, നട്‌സ് ഇവ ഉപയോഗിക്കരുതെന്നും ആരോഗ്യവിഭാഗം പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധജലത്തില്‍ നിര്‍മിച്ച ഐസേ ഉപയോഗിക്കാവൂയെന്നും ഐസ് സൂക്ഷിക്കാന്‍ തെര്‍മോക്കോള്‍ ഉപയോഗിക്കരുതെന്നതുമടക്കമുള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

മുറിച്ച പഴങ്ങളും ജ്യൂസും അധികസമയം ഫ്രീസറില്‍ വെക്കാന്‍ പാടില്ല, ഫ്രീസറില്‍ കട്ടിയാക്കിയ പായ്ക്കറ്റ് പാല്‍ കാലാവധികഴിഞ്ഞ് ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കരുതത്, നിരോധിച്ചതും നിലവാരം കുറഞ്ഞതുമായി പാല്‍, തൈര് എന്നിവ ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ നിരവധി നടപടിക്രമങ്ങളുണ്ടെങ്കിലും ഇതൊന്നും വേനലില്‍ മുളച്ചു പൊന്തുന്ന താത്കാലിക കടകൡലേറെയും പാലിക്കാറില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ വൃത്തി ഹീനമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലസ്സിവില്‍പ്പന കേന്ദ്രങ്ങള്‍ ആരോഗ്യവിഭാഗം അടച്ചു പൂട്ടിയെങ്കിലും മറ്റു ജില്ലകളിലൊന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. റോഡരികിലെ തട്ടുകടകളിലും ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഉന്തുവണ്ടികളിലും ആരോഗ്യവിഭാഗം പരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ മിനറല്‍ വാട്ടര്‍ എന്ന പേരില്‍ പല ലേബലുകള്‍ പതിച്ച് വിപണിയിലെത്തുന്ന കുടിവെള്ളത്തെക്കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്്്. വേണ്ടത്ര പരിശോധന സംവിധാനങ്ങളില്ലാത്തത് മുതലെടുത്ത് ചിലര്‍ മലിന ജലം കുപ്പികളിലാക്കി വില്‍പ്പന നടത്തുകയാണെന്നാണ് പരാതി. പല കമ്പനികളുടെ പേരിലും വിവിധയിടങ്ങളില്‍ മലിന ജലം കുപ്പികളിലാക്കി വിതരണം ചെയ്യന്നുണ്ട്. വഴിയോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന കുടിവെള്ളക്കുപ്പികള്‍ വന്‍തോതില്‍ ശേഖരിച്ച് വെള്ളം നിറച്ച് കടകളിലെത്തിക്കുകയാണ് രീതി. അടപ്പില്‍ പഌസ്റ്റിക് പൊതിയാതെയാണ് വിതരണം ചെയ്യുന്നത്.
ദാഹിച്ച് വലഞ്ഞ് വരുന്ന സാധാരണക്കാര്‍ വെള്ളം വാങ്ങി കുടിക്കുകയും ചെയ്യും. ബസ്റ്റാന്‍ഡിലും ട്രെയിനിലുകളിലും ഉള്‍പ്പടെ ഇത്തരത്തിലുള്ള വില്‍പ്പനയുണ്ടെന്ന് ഇതിനകം പരാതിയുയര്‍ന്നിട്ടുണ്ട്. കുപ്പിവെള്ളം വിതരണത്തിന് കര്‍ശനമായ നടപടി ക്രമങ്ങളുണ്ട്. ബാച്ച് നമ്പറും തീയതിയും രേഖപ്പെടുത്തണം. കൂടാതെ വെള്ളം ശുദ്ധികരിച്ചതിന്റെ റേറ്റിംഗും പരിശോധിക്കണം എന്നാല്‍ ഇതൊന്നുമില്ലാതെ തോന്നുംപടിയുള്ള കുടിവെള്ള വില്‍പ്പന സാംക്രമീകരോഗങ്ങള്‍ക്ക് കാരണമാകും. നേരത്തെ ഇത്തരത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തീരെ നടക്കാറില്ലെന്നാണ് പരാതി.

ഡെങ്കി, കോളറ, ഡൈഫോയിഡ്, കരള്‍ വീക്കം തുടങ്ങിയ വേനല്‍കാല പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. വേനല്‍ക്കാലത്ത് ഏറ്റവുമധികം ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് ശീതളപാനീയക്കടകളില്‍നിന്നാണെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുമുണ്ട്.

Latest