തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മര്‍ദനം; മൂന്ന് പേര്‍ പിടിയില്‍

Posted on: March 30, 2018 6:16 am | Last updated: March 30, 2018 at 12:57 am

കൊച്ചി: പനമ്പള്ളിനഗറില്‍ തോക്ക് ചൂണ്ടി കോഫി ഷോപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടയുടമയെയും സഹോദരനെയും മര്‍ദിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായി. പനമ്പിള്ളിനഗറിലെ ജി സി ഡി എ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

തോപ്പുംപടി നസറത്ത് പള്ളിക്ക് സമീപം പീടികപറമ്പില്‍ വീട്ടില്‍ ഡാനി എന്ന ജോണ്‍ പോള്‍ ആന്റണി (32), കുമ്പളങ്ങി വില്ലേജ് ഓഫീസിന് സമീപം കോന്നോത്ത് വീട്ടില്‍ റോഷന്‍ (26), കോലഞ്ചേരി കടമറ്റം മൂന്നാംമുക്കില്‍ വീട്ടില്‍ അരുണ്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ വന്ന ബൈക്കും തോക്കും ഇരുമ്പ് കമ്പിയും പോലീസ് പിടിച്ചെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഏഴോളം പേരടങ്ങുന്ന സംഘം 20 മിനുട്ടോളം നേരം തോക്ക് ചൂണ്ടി കോഫി ഷോപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടയിലാണ് കടയുടമയെയും സഹോദരനെയും മര്‍ദിച്ചത്. ഇവരുടെ തലക്ക് സംഘം ഇരുമ്പ് കമ്പികൊണ്ട് അടിച്ചു. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ബുധനാഴ്ച വൈകിട്ടും ഇവരെത്തി ഭീഷണി മുഴക്കിയിരുന്നു. മര്യാദക്ക് നടന്നില്ലെങ്കില്‍ മുഖത്ത് അസിഡ് ഒഴുക്കുമെന്നായിരുന്നു ഭീഷണി. ആഴ്ചകള്‍ക്ക് മുമ്പും പ്രതികള്‍ ഉള്‍പ്പെട്ട സംഘം ഈ കോഫീ ഷോപ്പിലെത്തി ഉടമയെ കൈയേറ്റം ചെയ്യുകയും ഷോപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.