ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മാറുന്നു

ചെങ്ങന്നൂരില്‍ പ്രഖ്യാപനം നീണ്ടേക്കും
Posted on: March 30, 2018 6:16 am | Last updated: March 30, 2018 at 12:54 am

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടേക്കും. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ കെ മാജി കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് പോകുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

പുതിയ നിയമന നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കും. കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പിനൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ഇ കെ മാജിയുടെ സ്ഥാനചലനം കാരണമായിട്ടുണ്ടെന്നാണ് സൂചന. നാളെ അദ്ദേഹം സ്ഥാനമൊഴിയും.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. മറ്റാര്‍ക്കെങ്കിലും അധിക ചുമതല നല്‍കാനും സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ടറല്‍ ഓഫീസറെ നിയമിക്കുന്നത്. ഈ നടപടി ക്രമങ്ങള്‍ക്ക് ദിവസങ്ങളെടുക്കും. ജില്ലാ ഇലക്ടറല്‍ ഓഫീസറായ കലക്ടറുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പിലെ ചില തസ്തികകളില്‍ മാറ്റം വരുത്തിയിരുന്നു. ആലപ്പുഴക്കാരനായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ ഡി ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു.