രജിസ്റ്റര്‍ ചെയ്യാത്ത ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല

രജിസ്‌ട്രേഷനില്ലെങ്കില്‍ സ്ഥാപന മേധാവികള്‍ക്ക് പിഴയും തടവും
Posted on: March 30, 2018 6:17 am | Last updated: March 30, 2018 at 12:52 am

തിരുവനന്തപുരം: ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുമ്പാകെ ഈ മാസം 31നകം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാത്ത സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാത്രമല്ല ഈ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ ഇല്ലാതെ ഏപ്രില്‍ ഒന്ന് മുതല്‍ ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

കേന്ദ്രസര്‍ക്കാരിന്റെ 2015ലെ ജുവനല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഹൈക്കോടതിയും ഉത്തരവിട്ടത്. മാത്രവുമല്ല രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രസഹായവും ലഭ്യമാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ജെ ജെ ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണത്തിനാണ് പ്രാധാന്യം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മാത്രം മാറിനില്‍ക്കാനോ വിട്ടുവീഴ്ച വരുത്താനോ കഴിയില്ല.

ജെ ജെ ആക്ട് കേന്ദ്ര നിയമമാണെങ്കിലും അതിലെ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. അതിനാല്‍ എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.