പദ്ധതി ചെലവ് റെക്കോര്‍ഡിലേക്ക്

  • തദ്ദേശസ്ഥാപനങ്ങളില്‍ 90 കടക്കും
  • വകുപ്പുകളുടേത് 80 ശതമാനം
  • 31 വരെ ബില്ലുകള്‍ സമര്‍പ്പിക്കാം
Posted on: March 30, 2018 6:29 am | Last updated: March 30, 2018 at 12:49 am

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു പ്രവൃത്തി ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ പദ്ധതി ചെലവ് റെക്കോര്‍ഡിലേക്ക്. ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 90 ശതമാനത്തിന് മുകളിലെത്തും. ട്രഷറികളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ അടിസ്ഥാനമാക്കി നിലവില്‍ 88 ശതമാനമായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പദ്ധതി ചെലവ് നിലവില്‍ 80 ശതമാനത്തിലെത്തിയിട്ടുണ്ട്.
31ന് വൈകുന്നേരം അഞ്ച് വരെ ബില്ലുകള്‍ സമര്‍പ്പിക്കാമെന്ന് ധനവകുപ്പ് വ്യക്തമാക്കിയ സാഹചര്യത്തില്‍ അവസാന ദിവസവും പദ്ധതി ചെലവ് നടക്കും.
നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിച്ചെലവില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ കൂടിയുണ്ട്. പ്രവൃത്തികള്‍ നടത്താതെ പണം അക്കൗണ്ടുകളിലേക്ക് മാറ്റിയിടുന്നതിന് ഈ വര്‍ഷം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണമുണ്ടായിട്ടും പദ്ധതിച്ചെലവ് ഉയര്‍ന്നത് പ്രവൃത്തികള്‍ യതാര്‍ഥത്തില്‍ നടന്നുവെന്നതിന് തെളിവാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

2014- 15ല്‍ 50.7 ശതമാനമായിരുന്നു തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. 15-16ല്‍ 56.7 ശതമാനവും 2016-17ല്‍ വെറും 34.23 ശതമാനവുമായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. ഇതാണ് ഈ വര്‍ഷം 90 കടക്കുന്നത്. ചെറിയതോതിലെങ്കിലും ഏതാണ്ട് നൂറ് ശതാമാനം പദ്ധതി ചെലവ് നടത്തുന്ന സ്ഥാപനങ്ങളും വകുപ്പുകളും ഇത്തവണ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

മാര്‍ച്ച് 25 വരെയുള്ള കണക്കില്‍ 1.53 ലക്ഷം പദ്ധതികളിലാണ് ചെലവ് രേഖപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തുകളില്‍ 83.02 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 79.73 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 74.56, കോര്‍പറേഷനുകളില്‍ 70.40 ശതമാനവും ജില്ലാ പഞ്ചായത്തുകളില്‍ 68.88 ശതമാനവുമാണ് പദ്ധതി ചെലവ്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ കണ്ണൂര്‍, എറണാകുളം, കൊല്ലം ജില്ലകളാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഒരു കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുക. പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ട തുക വിനിയോഗിക്കാതെ കിടക്കുന്നത് തടയുന്നതിന് വേണ്ടിയാണിതെന്ന് വിവിധ വകുപ്പുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ധനവകുപ്പ് വ്യക്തമാക്കി. രണ്ട് ദിവസത്തികം തുക തിരിച്ചെടുക്കുമെന്നാണ് സര്‍ക്കുലറിലുള്ളത്. ഇതുവഴി 6021 കോടി രൂപ ലഭിക്കുമെന്നാണ് ധനവകുപ്പിന്റെ നിഗമനം. ഈ നീക്കത്തിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നും ധനവകുപ്പ് കരുതുന്നു.

സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടിലുള്ള തുക തിരിച്ചുവേണമെന്നുണ്ടെങ്കില്‍ വകുപ്പുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പിന് അപേക്ഷ നല്‍കേണ്ടി വരും. ഏത് ആവശ്യത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും അപേക്ഷയില്‍ വ്യക്തമാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പസ് ഫണ്ടില്‍ നിന്ന് പണം ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി അറിയിച്ചു. ട്രഷറി ബേങ്കില്‍ തനത് ഫണ്ട് നിക്ഷേപിച്ചിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ യഥാര്‍ഥ ചെലവുകള്‍ ചെയ്യുന്നതിന് പണം പിന്‍വലിക്കുന്നതിന് തടസ്സമുണ്ടാകില്ല. അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതിപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഗുണപരമായ മാറ്റമുണ്ടാകും.

ബജറ്റ് നടപടിക്രമങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതും പൂര്‍ത്തിയായി. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ കഴിയുമെന്നത് പദ്ധതിപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.