Connect with us

International

വെനിസ്വേലയില്‍ ജയിലില്‍ തീപ്പിടിത്തം; 68 മരണം

Published

|

Last Updated

ജയിലിന് പുറത്ത് പൊട്ടിക്കരയുന്ന മരിച്ചവരുടെ ബന്ധുക്കള്‍

കരാക്കസ്: വടക്കന്‍ വെനിസ്വേലയിലെ വാലന്‍സിയയില്‍ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 68 പേര്‍ മരിച്ചു. ജയില്‍ചാട്ടത്തിന് വേണ്ടി തടവുപുള്ളികള്‍ ജയിലിനുള്ളിലെ പുതപ്പുകള്‍ക്ക് തീകൊടുത്തതാണ് അപകട കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പല തടവ് പുള്ളികളും ശ്വാസം മുട്ടിയും ശരീരമാസകലം പൊള്ളലേറ്റുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

ജയിലിലെ തീപ്പിടിത്ത വാര്‍ത്ത പുറത്തുവന്നയുടന്‍ നിരവധി പേര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ച് ഇവരെ പിരിച്ചുവിടുകയും ചെയ്തു. ജയിലിനകത്തേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ക്ക് നേരെ ബലം പ്രയോഗിക്കേണ്ടിവന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ജയിലില്‍ കഴിയുന്ന തടവുപുള്ളികള്‍ക്ക് നേരെ അധികൃതര്‍ അതിക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Latest