സിദ്ധരാമയ്യ മണ്ഡലം മാറും; സിറ്റിംഗ് സീറ്റ് മകന് നല്‍കും

  • സിദ്ധരാമയ്യ മാറുന്നത് ചാമുണ്ഡേശ്വരിയിലേക്ക്
  • വരുണയില്‍ മകന്‍ യതീന്ദ്ര മത്സരിക്കും
Posted on: March 30, 2018 6:29 am | Last updated: March 30, 2018 at 12:36 am

ബെംഗളൂരു: ‘ജെ ഡി എസ് അധ്യക്ഷന്‍ കുമാരസ്വാമി ഒരു കാര്യം മനസ്സിലാക്കണം. ചാമുണ്ഡേശ്വരി മണ്ഡലം എനിക്ക് പുതിയതല്ല. ഞാന്‍ എത്ര തവണ അവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്ന് കുമാരസ്വാമിക്ക് അറിയുമോ. ഏഴ് തവണ മത്സരിച്ചു; അഞ്ച് തവണയും ജയിച്ചു. ആ ഞാന്‍ കുമാരസ്വാമിയില്‍ നിന്ന് പഠിക്കേണ്ടതുണ്ടോ?’- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ ‘പഞ്ച് ഡയലോഗാ’ണ് ഇത്. കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ച വരുണയില്‍ നിന്ന് മാറുന്നുവെന്നും പഴയ മണ്ഡലമായ ചാമുണ്ഡേശ്വരിയിലേക്ക് പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ വിമര്‍ശിച്ചും ചാമുണ്ഡേശ്വരിയില്‍ തന്നെ മത്സരിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചും കുമാരസ്വാമി രംഗത്തെത്തുകയും ചെയ്തു. ഇതിനെ പരിഹസിച്ചാണ് സിദ്ധരാമയ്യ ഇന്നലെ കത്തിക്കയറിയത്.

1983 മുതല്‍ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ചാമുണ്ഡേശ്വരി. അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ വരുണയില്‍ നിന്ന് ഇത്തവണ മകന്‍ യതീന്ദ്ര മത്സരിക്കുമെന്നാണ് അറിയുന്നത്. 1983ല്‍ സ്വതന്ത്രനായാണ് മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരിയില്‍ നിന്ന് സിദ്ധരാമയ്യ ആദ്യം മത്സരിച്ചത്. അന്ന് വിജയം അദ്ദേഹത്തോടൊപ്പം നിന്നു. മൊത്തം ഏഴ് തവണ മത്സരിച്ചപ്പോള്‍ രണ്ട് തവണയാണ് തോല്‍വിയറിഞ്ഞത്. 1989ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായപ്പോഴാണ് ആദ്യ തോല്‍വി. 1999ല്‍ ജെ ഡി എസ് ടിക്കറ്റില്‍ മത്സരിച്ചപ്പോഴും തോറ്റു. ദേവേ ഗൗഡയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജെ ഡി എസ് വിട്ടപ്പോള്‍, 2006ല്‍ അദ്ദേഹം എം എല്‍ എ സ്ഥാനം രാജിവെച്ചു. ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. വെറും 257 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

2008ല്‍ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ സിദ്ധരാമയ്യയുടെ ശക്തി കേന്ദ്രങ്ങള്‍ പലതും അയല്‍ മണ്ഡലത്തിലേക്ക് പോയി. അതോടെ അദ്ദേഹം വരുണയിലേക്ക് മാറുകയായിരുന്നു. ഈ ചരിത്രം ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യയെ കുമാരസ്വാമി വെല്ലുവിളിക്കുന്നത്. എന്നാല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തന്നെ പിന്തുണച്ച മണ്ഡലമാണ് ചാമുണ്ഡേശ്വരിയെന്നും അവിടെയുള്ള വോട്ടര്‍മാര്‍ക്ക് തന്നെ നന്നായി അറിയാമെന്നും സിദ്ധരാമയ്യ പറയുന്നു.

അതിനിടെ, അഞ്ച് ദിവസത്തെ പര്യടനത്തിനായി സിദ്ധരാമയ്യ മൈസൂരുവില്‍ എത്തി. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഇന്നെത്തുന്നുണ്ട്. രാജ്യമാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില ഭദ്രമാണെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. സിദ്ധരാമയ്യയുടെ ചടുല നീക്കങ്ങള്‍ തന്നെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയത്. തന്റെ സിറ്റിംഗ് സീറ്റ് മകന്‍ യതീന്ദ്രക്ക് നല്‍കുക വഴി അനുകൂലമായ തരംഗത്തില്‍ മകനെ കൂടി നിയമസഭയിലെത്തിക്കാനുള്ള നീക്കമാണ് സിദ്ധരാമയ്യ നടത്തുന്നത്. ഇത് എത്രമാത്രം വിജയപ്രദമാകുമെന്നത് കണ്ടെറിയേണ്ട കാര്യമാണ്.