Connect with us

Gulf

വഹാബിസം പ്രചരിച്ചത് പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരം: സഊദി

Published

|

Last Updated

റിയാദ്: ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ആഗോള തലത്തില്‍ വഹാബി പ്രസ്ഥാനത്തിന്റെ വ്യാപനം സംഭവിച്ചതെന്ന് സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശീതയുദ്ധ സമയത്ത് തങ്ങളുടെ പാശ്ചാത്യന്‍ സഖ്യശക്തികളായ രാജ്യങ്ങള്‍ പള്ളികളിലും മദ്‌റസകളിലും ഫണ്ട് ചെലവഴിക്കാന്‍ സഊദിയെ പ്രേരിപ്പിക്കുകയായിരുന്നു. സോവിയറ്റ് യൂനിയന്‍ മുസ്‌ലിം രാഷ്ട്രങ്ങളെ അക്രമിക്കാതിരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അതേസമയം, ഇപ്പോള്‍ വഹാബി പ്രചാരണത്തിന് ഫണ്ടിറക്കുന്നത് സര്‍ക്കാറല്ലെന്നും മറിച്ച് സഊദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ മാസം 22നാണ് സഊദി രാജകുമാരനുമായി വാഷിംഗ്ടണ്‍ പോസ്റ്റ് രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള അഭിമുഖം നടത്തിയിരുന്നത്. ട്രംപിന്റെ മകന്‍ കുഷ്‌നറുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് പുറത്തുവന്ന ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയും ചെയ്യുന്നുണ്ട്. സഊദി സര്‍ക്കാര്‍ നടത്തിയ അറസ്റ്റുകളെല്ലാം ആഭ്യന്തര കാര്യമായിരുന്നു. വര്‍ഷങ്ങളായി ഇതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലായിരുന്നു സഊദി സര്‍ക്കാര്‍. ട്രംപിന്റെ മകനുമായി നല്ല ബന്ധമാണുള്ളത്. കൂട്ടുകാരെ പോലെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും രാജകുമാരന്‍ ഓര്‍മപ്പെടുത്തി.

യുദ്ധം തകര്‍ത്തുകളഞ്ഞ യമനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും സല്‍മാന്‍ രാജകുമാരന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. യമനിലെ മാനുഷിക ദുരിതങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ അവസരങ്ങളും രാജ്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest