മരുഭൂമിയിലേക്കുള്ള ദൂരം കുറയുന്നതായി ആശങ്ക

Posted on: March 30, 2018 6:25 am | Last updated: March 30, 2018 at 12:28 am
SHARE

കല്‍പ്പറ്റ: സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചപ്പോള്‍ വയനാടിനെയും ഉള്‍പ്പെടുത്തി. വയനാടിനെ കൂടാതെ ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അതോറിറ്റി യോഗത്തില്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പങ്കെടുത്തു.

മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ഈ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇടുക്കി ജില്ലയില്‍ നിലവില്‍ വരള്‍ച്ചാ സാഹചര്യമില്ല. എന്നാല്‍ മലയോര മേഖലകളിലെ പ്രധാന ജലസ്രോതസ്സുകളായ നീര്‍ച്ചാലുകള്‍ വേനല്‍ കടുക്കുമ്പോള്‍ വറ്റുകയും ശുദ്ധജലം കണ്ടെത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്യും. ഇത് പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചത്.

വരള്‍ച്ചാബാധിത ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികള്‍ ഉണ്ടാകും. ടാങ്കറുകള്‍ ഉപയോഗിച്ച് വാട്ടര്‍ കിയോസ്‌ക്കുകളില്‍ വെള്ളം എത്തിക്കും. കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും പണം ഉപയോഗിക്കാവുന്നതാണ്.

അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍, കേരളത്തിന്റെ മരുഭൂമിയിലേക്കുള്ള സൂചനകളാണോ. അശാസ്ത്രീയമായ ക്വാറികള്‍, മണലെടുപ്പ്, കുന്നിടച്ചില്‍, വയല്‍ നികത്തല്‍, മരങ്ങളുടെ ശോഷണം, തണ്ണീര്‍തടങ്ങളുടെയും കാവുകളുടെയും നാശം എന്നിവ കേരളത്തെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഈ അപായ സൂചനകള്‍ കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, ജലക്ഷാമം എന്നിവയാല്‍ ഇപ്പോള്‍ വയനാട് അനുഭവിക്കുന്നു. നാളെ വലിയ അപായ സൂചകങ്ങളുടെ റെഡ് സിഗ്‌നല്‍ ആണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും വസ്തുതകള്‍ സഹിതം വിരല്‍ ചൂണ്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here