Connect with us

Kerala

നഷ്ടപ്പെട്ട ഭൂമിക്കായി ആദിവാസികളുടെ കാത്തിരിപ്പ് തുടരുന്നു

Published

|

Last Updated

അഗളി: നഷ്ടമായ പൈതൃകഭൂമിക്കുപകരം ലഭിച്ച ഭൂമിക്കായി അട്ടപ്പാടിയിലെ 144 ആദിവാസി കുടുംബങ്ങളുടെ കാത്തിരിപ്പ് 19 വര്‍ഷം പിന്നിടുന്നു. ഇതിനിടയില്‍ തങ്ങള്‍ക്ക് ലഭിച്ച ഭൂമി നഷ്ടമായത് ഇവര്‍ അറിഞ്ഞിട്ടില്ല.

ഇന്നല്ലെങ്കില്‍ നാളെ പട്ടയം കിട്ടിയ ഭൂമി അളന്നുതിരിച്ച് നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ.എന്നാല്‍, ഇത് നഷ്ടമായതും പകരം ഭൂമിയെപ്പറ്റി നടപടികളുണ്ടാകാത്തതൊന്നും ഇവര്‍ ഇനിയും അറിഞ്ഞിട്ടില്ല. 1999ലാണ് ഭൂമി നഷ്ടമായ അട്ടപ്പാടിയിലെ ആദിവാസികുടുംബങ്ങള്‍ക്ക് പകരം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഷോളയൂര്‍ പഞ്ചായത്തിലെ വരടിമലയില്‍ ഇതിനായി. 516 ഏക്കറാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. ഒരു കുടുംബത്തിന് നാലേക്കര്‍ ഭൂമിവീതം. 1999ല്‍ തന്നെ എല്ലാ കുടുംബങ്ങള്‍ക്കും പട്ടയവും നല്‍കി. കൃഷി, പുനരധിവാസം എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 2000ത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇവിടെ തേയിലകൃഷി തുടങ്ങിയിരുന്നു. എന്നാല്‍, പ്രസ്തുത ഭൂമി വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടന കോടതിയെ സമീപിക്കുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. സംരക്ഷിത വനമേഖലയില്‍ വനയേതര പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഉത്തരവും ബാധകമായി. വഴിയാധാരമായി 144 ആദിവാസി കുടുംബങ്ങള്‍ പട്ടയം ലഭിച്ച ഭൂമി എവിടെയാണെന്ന് അറിയാത്തതോടെ ദുരിതത്തിലായത് അട്ടപ്പാടിയിലെ 144 ആദിവാസി കുടുംബങ്ങളാണ്. പട്ടയം ലഭിച്ച ഭൂമിയിലുള്ള തര്‍ക്കത്തെപ്പറ്റി ഇവര്‍ക്കറിയില്ല. പലതവണ ഇതുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുകയാണെന്ന മറുപടിമാത്രമാണ് ലഭിച്ചതെന്ന് ആദിവാസികള്‍ പറയുന്നു.

സാധ്യതകള്‍ പരിശോധിക്കും വരടിമലയിലെ ഭൂമിസംബന്ധിച്ചുള്ള കോടതിവിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് അര്‍ഹമായ ഭൂമി പകരം നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു.

വന്യമൃഗങ്ങളുടെ
സങ്കേതമായി മിച്ചഭൂമി

മുണ്ടൂര്‍: വേലിക്കാട് കട്ടിക്കല്‍ നിവാസികള്‍ക്ക് പറയാനുള്ളത് അധികൃതരുടെ അനാസ്ഥയില്‍ നാട് കാടായ കഥയാണ്. 2009ലാണ് വേലിക്കാട് കട്ടിക്കലില്‍ 182 പേര്‍ക്ക് മിച്ചഭൂമി പതിച്ചുനല്‍കിയത്. പലര്‍ക്കും പല അളവിലാണ് ഭൂമി നല്‍കിയതെന്ന് പ്രദേശത്തുകാര്‍ ആരോപിക്കുന്നു. ഇതില്‍ താമസക്കാരായുള്ളത് പത്തിനടുത്ത് കുടുംബങ്ങള്‍ മാത്രമാണ്. മറ്റിടങ്ങളില്‍ കൃഷി നടത്തിയിട്ടുണ്ട്. എന്നാല്‍, പകുതിയിലധികം സ്ഥലങ്ങളും കാടുപിടിച്ച് കിടക്കുകയാണ്. വൈകീട്ടായാല്‍ ഇവിടെ ആനകള്‍ വരാറുണ്ടെന്ന് താമസക്കാര്‍ പറയുന്നു. ഭൂമി കിട്ടിയവര്‍ ഇതുവരെ ഇവിടെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പരാതിയുണ്ട്. അനര്‍ഹര്‍ക്കും ഭൂമി പതിച്ചുകിട്ടിയിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം. സ്ഥലം ലഭിച്ചവര്‍ കാടുപിടിച്ചയിടം വൃത്തിയാക്കാനെങ്കിലും ശ്രമിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. വനാതിര്‍ത്തി തിരിക്കാത്തതിനാല്‍ കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് തടസ്സമുണ്ട്. ആനകള്‍. വന്നുനില്‍ക്കുന്നത് കുറക്കാനായി പഞ്ചായത്തിന് ചെയ്യാവുന്നത് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്ണന്‍ അറിയിച്ചു.

Latest