Connect with us

Kerala

മതവും ജാതിയുമില്ലാത്ത കുട്ടികള്‍ ആ കണക്ക് തെറ്റാണ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതെ സ്‌കൂള്‍ പ്രവേശനം നേടിയിട്ടുണ്ടെന്ന സര്‍ക്കാറിന്റെ കണക്ക് തെറ്റി. ഔദ്യോഗിക കണക്കും സ്‌കൂളുകളിലെ കണക്കും തമ്മില്‍ വന്‍ അന്തരമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണ് യഥാര്‍ഥ കണക്കുമായി പൊരുത്തപ്പെടാത്തത്. കളമശ്ശേരിയിലെ രാജഗിരി സ്‌കൂള്‍, തൃശൂര്‍ അത്താണി സെ ന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂള്‍, തുറയ്ക്കല്‍ അല്‍ഹിദായ സ്‌കൂളുകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഈ സ്‌കൂളുകളില്‍ 1000ത്തിലധികം വിദ്യാര്‍ഥികള്‍ ജാതി, മതം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇതു തെറ്റാണെന്നും എല്ലാ കുട്ടികളുടെയും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ എന്ന വെബ്‌സൈറ്റിനെ മാത്രം സര്‍ക്കാര്‍ ആശ്രയിച്ചതാണ് കണക്കിലെ പിഴവിന് കാരണമായിരിക്കുന്നത്. സമ്പൂര്‍ണ വെബ്‌സൈറ്റിലാണ് അധ്യാപകര്‍ കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ വെബ്‌സൈറ്റില്‍ ജാതി, മത കോളങ്ങള്‍ നിര്‍ബന്ധമായി പൂരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അധ്യാപകര്‍ ഇത് ഒഴിവാക്കാറുണ്ട്. കുട്ടികളുടെ പേര്, ജനന തീയതി, രക്ഷിതാക്കളുടെ വിവരം, ആധാര്‍ നമ്പര്‍ എന്നിവയാണ് ഇതില്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കേണ്ട വിവരങ്ങള്‍. അതിനാല്‍ തന്നെ ജാതി, മത കോളങ്ങള്‍ മിക്കവരും ഒഴിവാക്കാറുണ്ട്. ഇതനുസരിച്ചാണ് ജാതിയോ മതമോ ചേര്‍ക്കാത്ത കുട്ടികളുടെ എണ്ണം സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരില്‍ 1.23 ലക്ഷം പേര്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലും 275 പേര്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാം വര്‍ഷത്തിലും പഠിക്കുന്നുവെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സ്‌കൂള്‍ തിരിച്ചുള്ള കണക്കിന്റെ സോഫ്റ്റ് കോപ്പിയും നിയമസഭയില്‍ മന്ത്രി പങ്കുവെച്ചിരുന്നു. ഈ രേഖകളാണ് ഇപ്പോള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.

Latest