Connect with us

Kerala

ലഹരിമരുന്ന് മാഫിയകളെ പിടികൂടാന്‍ ആധുനിക വയര്‍ലെസ് സംവിധാനവുമായി എക്‌സൈസ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് മാഫിയകളെ പിടികൂടാന്‍ എക്‌സൈസിലും പോലീസ് മാതൃകയിലുള്ള ആധുനിക വയര്‍ലെസ് സംവിധാനം വരുന്നു. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം ആദ്യം നടപ്പാക്കുക. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചു. പത്ത് വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയില്‍ അനലോഗ് സമ്പ്രദായത്തിലുള്ള ചെറിയ വയര്‍ലെസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിന്റെ പ്രവര്‍ത്തനം നിലച്ചു.

ബാറുകള്‍ ഭൂരിഭാഗവും അടയുകയും അതിര്‍ത്തികളില്‍ പോലീസ്, എക്‌സൈസ് പരിശോധന കര്‍ക്കശമാക്കുകയും ചെയ്തതോടെ സ്പിരിറ്റ് ലോബി മെല്ലെ പിന്‍വാങ്ങുകയും മയക്കുമരുന്ന് ലോബി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എക്‌സൈസ് ഇത്തരമൊരു നടപടിയെടുക്കുന്നത്.

കേരളത്തില്‍ മയക്കുമരുന്ന് വന്‍തോതില്‍ എത്തുന്നത് എറണാകുളത്താണ്. പാലക്കാട് ജില്ലയുടെ അതിര്‍ത്തിമേഖലകളിലൂടെ ചില സംഘങ്ങള്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായും അറിവുണ്ട്. അതിനാലാണ് ആദ്യം ഈ ജില്ലകളില്‍ വയര്‍ലെസ് സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി വിജയമായാല്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

സി ഡാകിനെയാണ് വയര്‍ലെസ് സെറ്റ് സ്ഥാപിക്കാന്‍ ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ സാങ്കേതികവിദ്യ തൃപ്തികരമല്ലാത്തതിനാല്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് ശീതള്‍ എന്ന ഉത്തരേന്ത്യന്‍ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 10 ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള പണികള്‍ ഉടന്‍ ആരംഭിക്കും.

 

Latest