Connect with us

Kerala

ചൂടുയരുമ്പോള്‍ ആധിയോടെ കേരളം

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. ലെസി ഷോപ്പുകളിലും ചാട്ട്, വഴിയോര ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളിലുമാണ് ആരോഗ്യവകുപ്പിന്റെ പരിശോധന. മാര്‍ച്ച് മാസത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ആയിരക്കണക്കിനാളുകളാണ് ചികിത്സതേടി എത്തിയത്. ഇതു കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടല്‍.

ഈ മാസം സംസ്ഥാനത്ത് 134 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന് പുറമെ എച്ച് 1 എന്‍ 1 കോളറ, ടൈഫോയിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശൂര്‍ ജില്ലയിലാണ്. 116 പേര്‍ ഇവിടെ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടി. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍, ഇടുക്കി എന്നിവയാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍.
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിനുള്ളത്. നിലവാരം കുറഞ്ഞ കുപ്പിവെള്ളം കടകളിലൂടെയും ശീതളപാനീയക്കടകളിലൂടെയും ജനങ്ങളിലെത്താനുള്ള സാഹചര്യമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളിലും ലെസി ഷോപ്പുകളിലുമെല്ലാം നിലവാരം കുറഞ്ഞ ഐസും വെള്ളവുമാണ് ഉപയോഗിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ നഗരകേന്ദ്രീകൃതമായിട്ടായിരിക്കും പരിശോധന. തുടര്‍ന്ന് മുന്തിയ ഹോട്ടലുകളിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.

വേനല്‍ക്കാലമാകുന്നതോടെ വഴിയോര കച്ചവടക്കാര്‍ സജീവമാകും. ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഇവരെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇത്തരം കടകളിലെ വെള്ളവും ഐസും പൊതുവേ പരിശോധനക്ക് വിധേയമാക്കാറില്ല. കുലുക്കി സര്‍ബത്ത്, തണ്ണിമത്തന്‍ ജൂസ്, കരിമ്പ് ജൂസ്, സംഭാരം എന്നിവക്ക് പുറമെ ഉപ്പിലിട്ട വിഭവങ്ങള്‍ക്കുമാണ് വേനല്‍ക്കാലത്ത് ആവശ്യക്കരേറെയുള്ളത്.

ഗുണമേന്മയുളള ഐസിന് വില കൂടുതലായതിനാല്‍ ഇവര്‍ നിലവാരം കുറഞ്ഞ ഐസാണ് ഉപയോഗിക്കാറുള്ളത്. ശുദ്ധമായ ഐസിന് ഒരു കിലോക്ക് 25 രൂപ നിരക്കിലാണ് ഫാക്ടറികള്‍ വില്‍ക്കുന്നത്. അനധികൃതമായി നിര്‍മിക്കുന്ന ക്യൂബ് ഐസ് ഫാക്ടറികളിലെ ഐസുകള്‍ക്ക് 10-15 രൂപയാണ് വില.