ഡോ. കെ മാധവന്‍കുട്ടി അന്തരിച്ചു

Posted on: March 30, 2018 6:09 am | Last updated: March 29, 2018 at 11:49 pm

കോഴിക്കോട്: ആദ്യകാല വൈദ്യശാസ്ത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ മാധവന്‍കുട്ടി (93) നിര്യാതനായി. കോഴിക്കോട്ടെ പൂന്താനം വസതിയില്‍ ഇന്നലെ രാവിലെ 8.55 മണിയോടെയായിരുന്നു അന്ത്യം. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു. ഭാരതീയ വിചാര കേന്ദ്രം സ്ഥാപകാധ്യക്ഷനാണ്.

1984ല്‍ കോഴിക്കോട്ട് നിന്ന് ഹിന്ദുമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലേക്കും1991ല്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ബേപ്പൂര്‍ മണ്ഡലം തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്കെതിരെ ബി ജെ പിയും യു ഡി എഫും ഡോ. കെ മാധവന്‍കുട്ടിക്ക് പിന്തുണ നല്‍കിയത് (കോ-ലീ-ബീ)രാഷ്ട്രീയ രംഗത്ത് പിന്നീട് വിവാദമായിരുന്നു.

പത്തിരിപ്പാല മണ്ണൂരിലെ കുട്ടത്ത് വീട്ടില്‍ പരേതരായ രാമന്‍നായര്‍ പാറുക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം. ക്വിറ്റിന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോഹ്യ വിചാര വേദിയുടെ ആദ്യകാല സംഘാടകനായിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയില്‍ നിന്ന് മാറുകയും പിന്നീട് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപക പ്രസിഡന്റാവുകയും ചെയ്തു. ഭാര്യ: പരേതയായ കമലം. മക്കള്‍: സി ജയറാം (റിട്ട. മാനേജിംഗ് ഡയറക്ടര്‍, കൊട്ടക്ക് മഹീന്ദ്ര ബേങ്ക്, മുംബൈ), ഡോ. സി ജയശ്രീ (അറ്റ്‌ലാന്‍ഡ, യു എസ്). മരുമക്കള്‍: ഉഷ, പ്രൊഫ. രാജാറാം വേലിയത്ത്.