Connect with us

Kerala

ഓഖി ദുരന്തം: നഷ്ടപരിഹാര വിതരണത്തില്‍ അലംഭാവം

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തില്‍ ഗുരുതര അലംഭാവം. കാണാതായവരും മരിച്ചവരുമായി 148 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 49 പേരുടെ ആശ്രിതര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി രണ്ട് ലക്ഷം രൂപയും ലഭിച്ചത്. ഇനിയും തിരിച്ചുവരാനുള്ളവരെ മരിച്ചവരായി കണക്കാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മരിച്ചവരും കാണാതായവരുമായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷനും മുടങ്ങിക്കിടക്കുകയാണ്. ദുരന്തത്തില്‍പ്പെട്ട് വലയും വള്ളവും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുമെന്ന ഫിഷറീസ് വകുപ്പിന്റെ പ്രഖ്യാപനവും പ്രസ്താവനയില്‍ ഒതുങ്ങി. വലയും വളളവും നഷ്ടപ്പെട്ടവരും കേടുപാടുകള്‍ സംഭവിച്ചവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമെ സഹായം നല്‍കുകയുളളൂവെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്്. തൊഴിലിന് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാഴ്‌വാക്കായി. മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. വരുമാന മാര്‍ഗം ഇല്ലാതെ മത്സ്യത്തൊഴിലാളികള്‍ തീരാ ദുരിതത്തിലാണ്.

സമഗ്ര നഷ്ടപരിഹാര പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും ചേര്‍ന്നതായിരുന്നു പാക്കേജ്. മത്സ്യത്തൊഴിലാളി മേഖലക്കായി 2000 കോടി രൂപ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമഗ്ര പാക്കേജ് പ്രഖ്യാപിച്ചത്.

പാക്കേജിന്റെ ഭാഗമായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ബദല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ഇങ്ങനെ മൊത്തം 20 ലക്ഷം രൂപയാകും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യറേഷനും ചുഴലിക്കാറ്റില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ തുക നഷ്ടപരിഹാരവും കൊടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.