ത്രിരാഷ്ട്ര ട്വന്റി20: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

Posted on: March 30, 2018 6:06 am | Last updated: March 29, 2018 at 11:09 pm
ത്രിരാഷ്ട്ര ട്വന്റി20യില്‍ ഇംഗ്ലണ്ടിന്റെ ഡിനില്ലെ ഹാസിന്റെ ക്യാച്ച് പറന്നെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

ബ്രാബോണ്‍: ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആറാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 18.5 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപണര്‍ സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 41 പന്തുകളില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും നേടിയ മന്ദാന പുറത്താകാതെ നിന്നു. ഹര്‍മന്‍പ്രീത് കൗര്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് റണ്‍സെടുത്ത മിഥാലി രാജ്, ഏഴ് റണ്‍സെടുത്ത ജാമി റോഡ്രിഗസ് എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍.

നേരത്തെ, അനൂജ പാട്ടീലിന്റെ ഉജ്ജ്വല ബൗളിംഗാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്‌കോറില്‍ തളച്ചത്. അനൂജ മൂന്നും രാധ യാദവ്, ദീപ്തി ശര്‍മ, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അനൂജ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 31 റണ്‍സെടുത്ത ഓപണര്‍ ഡാനിയല്‍ വയട്ട് ആണ് ഇംഗ്ലണ്ട് ടോപ് സ്‌കോറര്‍.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. നേരത്തെ, ആസ്‌ത്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ആസ്‌ത്രേലിയ- ഇംഗ്ലണ്ട് ഫൈനല്‍ ശനിയാഴ്ച നടക്കും.