കുടിവെള്ളം മുട്ടില്ല: ജലവകുപ്പ്

സംഭരണികളില്‍ മതിയായ ജലം
Posted on: March 30, 2018 6:10 am | Last updated: March 29, 2018 at 10:52 pm

കൊച്ചി: സംസ്ഥാനത്ത് ഇത്തവണയും വരള്‍ച്ച രൂക്ഷമാകുമെന്ന് കണക്കാക്കപ്പെടുമ്പോഴും കുടിവെള്ള വിതരണത്തിനാവശ്യമായ ജലം സംസ്ഥാനത്തെ ഡാമുകളിലുണ്ടെന്ന് ജലസേചന വകുപ്പ്്. വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലകളുള്‍പ്പടെയുള്ള മേഖലകളില്‍ കുടിവെള്ള വിതരണത്തിന് ആവശ്യമായ ജലസംഭരണശേഷി സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികളിലുണ്ടെന്നാണ് ജലവകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നതാണ് ഇത്തവണ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വരള്‍ച്ചയുടെ കാഠിന്യം കൂടാന്‍ കാരണമായത്. ഇത് കാരണം ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ കടുത്ത ജലക്ഷാമമുണ്ടാകുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
ഈ ഏഴ് ജില്ലകളെയും വരള്‍ച്ചാ ബാധിത ജില്ലകളായി കണക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പമാണ് സംസ്ഥാനത്തെ ഡാമുകളിലെ ജലസംഭരണശേഷി ഇത്തവണ കുറഞ്ഞിട്ടില്ലെന്ന വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ വരള്‍ച്ചാ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റിസെര്‍വോയറുകളിലൊന്നായ മലമ്പുഴ ഡാമില്‍ വരള്‍ച്ചാ നിവാരണത്തിനായി ആവശ്യമായ ജലം കരുതല്‍ ശേഖരമായി മാറ്റിവെച്ചതായാണ് ജലവകുപ്പിന്റെ കണക്ക്. 226 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലമാണ് മലമ്പുഴ ഡാമിലെ സംഭരണ ശേഷി. ഭാരതപ്പുഴയുടെ പോഷക നദിയായ മലമ്പുഴയാറില്‍ നിര്‍മിച്ചിരിക്കുന്ന ഈ ഡാമില്‍ ജൂണ്‍ അവസാനം വരെ കുടിവെള്ള വിതരണത്തിനാവശ്യമായ ജലവും കരുതി വച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കുടിവെള്ള പദ്ധതിയായ പഴശ്ശി പദ്ധതിയില്‍ അടുത്ത ഒമ്പത് മാസത്തേക്ക് വിതരണത്തിനാവശ്യമായ ജലമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെ പീച്ചി ഡാമില്‍ 110.436 ദശലക്ഷം ക്യൂബിക് മീറ്ററാണ് ജലസംഭരണശേഷി. കെ എസ് ഇ ബി യുടെ കക്കയം ടെയ്ല്‍ റെയ്‌സില്‍ നിന്നുള്ള ജലം പെരുവണ്ണാമുഴി ഡാമില്‍ എത്തിച്ചേരുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി പദ്ധതിയില്‍ വരള്‍ച്ചാ കാലത്ത് ആവശ്യമായ ജലമുണ്ടെന്നും ജലവകുപ്പിന്റെ കണക്ക് ചൂണ്ടിക്കാട്ടുന്നുണ്ട്.

മൂലത്തറ(0.538 മില്യണ്‍ ക്യുബിക് മീറ്റര്‍), മാങ്കര(11.3), വാഴാനി(18.12), വാളയാര്‍ (18.4), മംഗലം (25.494), ശിരുവാണി(25.5), മലങ്കര (42), പോത്തുണ്ടി (50.914) തുടങ്ങി 20 ഡാമുകൡ ആവശ്യത്തിന് ജലസംഭരണശേഷിയുണ്ടെന്നാണ് ജലവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ തുലാവര്‍ഷത്തില്‍ വന്‍കുറവ് രേഖപ്പെടുത്തിയതാണ് വടക്കന്‍ ജില്ലകളില്‍ ഇത്തവണ വരള്‍ച്ച നേരത്തെ തുടങ്ങിയതിന് കാരണമായത്. തുലാ വര്‍ഷത്തില്‍ പാലക്കാട് 60, വയനാട് 50, കാസര്‍കോട് 46, കോഴിക്കോട് 34, തൃശൂരില്‍ 31, കണ്ണൂരില്‍ 27, മലപ്പുറത്ത് 23 ശതമാനവും മഴ കുറഞ്ഞിട്ടുണ്ട്.

അതേസമയം, മണ്‍സൂണ്‍ മഴ എല്ലാ ജില്ലകളിലും വലിയ ഏറ്റക്കുറച്ചില്‍ ഇല്ലാതെ ലഭിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. മണ്‍സൂണ്‍ മഴയില്‍ ഇടുക്കിയും കോട്ടയവും പിന്നിലായിരുന്നുവെങ്കിലും തുലാവര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ ഫലമായുള്ള മഴയും തെക്കന്‍ കേരളത്തിലെ മഴ ലഭ്യതയെ സഹായിച്ചു. തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴ ഡാമുകളിലെ ജലവിതാനത്തിന് ഗുണമായിട്ടുണ്ട്. കാലവര്‍ഷം ഇത്തവണ ഒമ്പത് ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞു വരികയാണെന്ന് ജലവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

അതിനിടെ, സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം സര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നതായും സൂചനയുണ്ട്്്. മെയ് മാസം പരീക്ഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഡാമുകളുടെ വൃഷ്ടി പ്രദേശമായ പേപ്പാറ, കൊച്ചുപമ്പ എന്നി സ്ഥലങ്ങള്‍ പരിഗണിക്കുന്നതായാണ് സൂചന. കഴിഞ്ഞ വര്‍ഷം മഴ മേഘങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്ന മെയിലും ഒക്‌ടോബറിലും ഇത്തരം ശ്രമങ്ങള്‍ നടത്തിയെങ്കിലും രണ്ട് തവണയും പരീക്ഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.