Connect with us

Editorial

ആത്മഹത്യാപരമായ വിധേയത്വം

Published

|

Last Updated

ലോകത്തെ ഏറ്റവും ശക്തവും മൂര്‍ച്ചയേറിയതുമായ ആയുധമാണ് വാര്‍ത്താ മാധ്യമങ്ങള്‍. ആയിരം ബയണറ്റുകള്‍ക്ക് പകരം ഒരു പത്രമുണ്ടായാല്‍ മതിയെന്നാണ് നെപ്പോളിയന്‍ പറഞ്ഞത്. പത്രങ്ങളുപയോഗിച്ച് സമൂഹ മനസ്സാക്ഷിയുടെ ചിന്തകള്‍ പരിവര്‍ത്തിപ്പിച്ചു ലക്ഷ്യം നേടുകയെന്നത് തോക്കും പീരങ്കിയും ഉപയോഗിച്ചു ആളുകളെയും രാഷ്ട്രങ്ങളെയും കീഴ്‌പ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പവും ആദായകരവുമാണ്. ഈ യുദ്ധതന്ത്രം ഇന്ത്യയില്‍ ഇന്നേറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് സംഘ്പരിവാറാണെന്ന് അടുത്ത ഏതാനും വര്‍ഷങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ശൈലിയും ഇടക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളും പരിശോധിച്ചാല്‍ ബോധ്യമാവും. മണ്ഡല്‍ വിരുദ്ധ സമരം, ശാബാനു കേസ്, ഗോവധം, ജമ്മു-കശ്മീരിന്റെ പ്രത്യേകാവകാശം തുടങ്ങി സമീപ കാലത്ത് ഉയര്‍ന്നു വന്ന മുത്വലാഖ് വരെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ഹിന്ദുത്വ പ്രീണന നയം പ്രകടമാണ്.

ഇന്ത്യന്‍ മാധ്യമങ്ങളുടെ മൂല്യാധിഷ്ഠിത നിലപാടില്‍ നിന്നുള്ള വ്യതിചലനത്തിന്റെയും സംഘ്പരിവാര്‍ സ്വാധീനത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പ്രചാരണത്തില്‍ പങ്കാളിയാകാമെന്ന് രണ്ട് ഡസനോളം മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്ത. കോബ്രാപോസ്റ്റാണ് ഒളിക്യാമറാ ഓപറേഷനിലൂടെ ജനാധിപത്യ ഇന്ത്യയെ ആശങ്കയിലാക്കുന്ന ഈ വിവരം പുറത്തുകൊണ്ടുവന്നത്. എതിരാളികളുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുണ്ടാക്കാന്‍ രണ്ട് ഡസനോളം വരുന്ന മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചുവെന്നും അവര്‍ കൃത്യമായ ബി ജെ പി പക്ഷപാതിത്വം പ്രകടമാക്കിയെന്നും കോബ്രാപോസ്റ്റിന് വേണ്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വാര്‍ത്താ ഉള്ളടക്കം തീരുമാനിക്കാന്‍ അധികാരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും മേധാവികള്‍ക്കും വന്‍തുക വാഗ്ദാനം ചെയ്തപ്പോഴാണ് ഹിന്ദുത്വ പ്രചാരണത്തില്‍ സഹകരിക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചതെന്നും കോബ്രാപോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രചാരണത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ആത്മീയ കാര്യങ്ങളെന്നു തോന്നിക്കുന്ന ഉള്ളടക്കങ്ങളായിരിക്കും പ്രക്ഷേപണം ചെയ്യുക. തുടര്‍ന്ന് തീവ്രഹിന്ദുത്വ നേതാക്കളുടെ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ക്ക് അവസരം നല്‍കും. ആവശ്യമെങ്കില്‍ കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്ന വാര്‍ത്തകളും വിശകലനങ്ങളും സംപ്രേക്ഷണം ചെയ്യുമെന്നും മാധ്യമ സ്ഥാപന മേധാവികള്‍ അറിയിക്കുകയുണ്ടായി.

സത്യസന്ധത, നീതി, നിഷ്പക്ഷത തുടങ്ങി മാധ്യമങ്ങള്‍ നിര്‍ബന്ധമായും കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങള്‍ അവഗണിച്ചു മോദി സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ അജന്‍ഡകളുടെ പ്രചാരകരായി തരം താണിരിക്കയാണിന്ന് മുഖ്യധാരാ മധ്യമങ്ങള്‍. സംഘ്പരിവാര്‍ താത്പര്യത്തിന് ഹാനികരമായ ഒന്നും തന്നെ, അതെത്ര വസ്തുതാപരവും അനിവാര്യവുമായിരുന്നാല്‍ പോലും കാണാത്ത ഭാവം നടിക്കുക ആണ്, അതേസമയം മതന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിക്കുന്നു. ഇല്ലാത്ത കഥകള്‍ കെട്ടിമച്ചമച്ചുണ്ടാക്കി സമുദായത്തെക്കുറിച്ചു ഭീതിസൃഷ്ടിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയായ ലൗജിഹാദിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല.

മാധ്യമങ്ങളിലെ ഈ സംഘ്പരിവാര്‍ സ്വാധീനം മോദിസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുണ്ടായ ഒരു പ്രതിഭാസമല്ല. ദശാബ്ദങ്ങളായി ആര്‍ എസ് എസ് ആസൂത്രിതമായി നേടിയെടുത്തതാണ്. രാജ്യത്തെ പ്രമുഖ പത്രങ്ങളിലെ പ്രമുഖ സ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഹിന്ദി ബെല്‍റ്റില്‍ സവര്‍ണ ജാതിക്കാരായ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് വളരെ മുമ്പേ തന്നെ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിലവില്‍ മുഖ്യധാരാ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയും ഇത്തരക്കാരാണ്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവും. നിഷ്പക്ഷമെന്ന് അറിയപ്പെടുന്ന മാധ്യമങ്ങള്‍ പോലും തീവ്രവാദത്തിന്റെ മുന മുസ്‌ലിംകളിലേക്ക് തിരിച്ചുവെക്കുന്നതിന്റെയും ഉത്തരേന്ത്യയിലെ വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ “അഭിനവ് ഭാരത്”, സനാതന്‍ സന്‍സ്ത തുടങ്ങിയ ഭീകര സംഘടനകളുടെ പങ്ക് മറച്ചുപിടിക്കുന്നതിന്റെയും പിന്നാമ്പുറമതാണ്. ഗുജറാത്തിലെ പ്രമുഖ പത്രങ്ങളുടെ പിന്‍ബലമായിരുന്നുവല്ലോ വംശീയ ഉന്മൂലന പദ്ധതി നടപ്പാക്കിയത്.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1)എ വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ ദൃശ്യ പത്ര മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്താ വിനിമയം കേവലം ഒരു വ്യവസായമല്ല. ഭരണ പക്ഷത്തെ സേവിക്കലുമല്ല. അതൊരു സാമൂഹിക സേവനവും സാംസ്‌കാരിക പ്രവര്‍ത്തനവുമാണ്. വേട്ടക്കാരുടെ പക്ഷത്തല്ല, ഇരകളുടെ പക്ഷത്താണ് മാധ്യമങ്ങള്‍ നിലയുറപ്പിക്കേണ്ടത്. ഇത് അവഗണിച്ചു വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചക്ക് അവസരമൊരുക്കിക്കൊടുക്കുന്നത് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ഹിന്ദുത്വ ചിന്താധാരകള്‍ക്ക് അനുസൃതമായി ഇന്ത്യന്‍ ഭരണഘടന പോലും മാറ്റിയെഴുതണമെന്ന് വാദിക്കുന്നവരെ പിന്തുണച്ചാല്‍ ഭാവിയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം പോലും അപകടത്തിലാകുമെന്ന് മാധ്യമ ലോകം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

Latest