Connect with us

Articles

അരുത്,  അത് വെള്ളമാണ്

Published

|

Last Updated

ഭൂമിയുടെ 70 ശതമാനവും നിറഞ്ഞു നില്‍ക്കുന്ന ജലമാണ്. ഇതില്‍ 97 ശതമാനം കടലിലെ ഉപ്പുവെള്ളമാണ്. ഇത് ശുദ്ധജലമാക്കുന്നുണ്ടെങ്കിലും വളരെ ചെലവേറിയ പ്രവര്‍ത്തിയാണത്. ബാക്കി രണ്ട് ശതമാനം ഭൂമിയുടെ ഉത്തര ദക്ഷിണ ധ്രുവങ്ങളില്‍ മഞ്ഞുപാളികളായാണ് കാണപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്നതിനുമപ്പുറമാണ്. ഇനിയുള്ള ഒരു ശതമാനം മാത്രമാണ് മനുഷ്യര്‍ക്ക് ഉപയോഗ യോഗ്യമായ ശുദ്ധ ജലം.
ഭൂമിയിലെ ആകെ ജലത്തിന്റെ ഒരു ശതമാനം മാത്രം ഉപയോഗിച്ചുവരുന്നത് ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരാണ്. പ്രകൃതി ദത്തമായ ഈ സമ്പത്ത് മനുഷ്യനിര്‍മിതമാകുന്ന കാലം എത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ, ഭൂമിയെ വാസയോഗ്യമാക്കുന്നതില്‍ അതിപ്രധാനമായ പങ്ക് വഹിക്കുന്ന ജല സംഭരികളെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ ബാധ്യത തന്നെയാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജീവിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ ജലസംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരു ദിനാചരണത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാവാനിടയില്ല. കാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയോടെയാണ് വായു, ജലം, മണ്ണ് മുതലായവയെല്ലാം മലിനമായി മാറാന്‍ തുടങ്ങിയത്. ശാസ്ത്ര പുരോഗതിയും അതിന്റെ ഭാഗമായി മനുഷ്യര്‍ നേടിയെടുത്ത സാമ്പത്തിക നേട്ടങ്ങളും ഒരര്‍ഥത്തില്‍ മലിനീകരണത്തിന് കാരണമായിട്ടുണ്ടെന്ന് കാണാവുന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തലമുറയിലുള്ളവര്‍ ഭക്ഷ്യവിഭവങ്ങള്‍ കൃഷി ചെയ്തിരുന്നത് ജൈവവളങ്ങളെ ആശ്രയിച്ചായിരുന്നത് കൊണ്ടും അവര്‍ രാസകീടനാശിനികള്‍ ഉപയോഗിക്കാതിരുന്നത് കൊണ്ടും, പ്ലാസ്റ്റിക് വസ്തുക്കള്‍ അവരുടെ കരങ്ങളില്‍ എത്തിച്ചേരാതിരുന്നത് കൊണ്ടും, അവരുടെ കൃഷിഭൂമിയും അവര്‍ കുടിച്ചിരുന്ന ജലവും കുളിക്കാന്‍ ഉപയോഗിച്ചിരുന്ന തോടും കുളവും പുഴകളുമെല്ലാം ശുദ്ധജല സംഭരണികളായി തന്നെയാണ് നിലകൊണ്ടിരുന്നത്.

ശാസ്ത്രം സര്‍വ മേഖലകളിലും  പുരോഗതി കൈവരിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ആധുനിക കേരളീയര്‍ പ്രാപ്തരാവുകയും ചെയ്തതോടെയാണ് കേരളത്തിലെ കൃഷിഭൂമികളും തോടും കുളവും പുഴയുമെല്ലാം വിഷവാഹിനികളായി മാറാന്‍ തുടങ്ങിയത്. പഴയ തലമുറയില്‍ നിന്നും വ്യത്യസ്തമായി ആധുനിക കേരളീയരില്‍ ഭൂരിഭാഗവും നേടിയെടുത്ത മതപരമായ അറിവുകളും ഭൗതിക വിദ്യാഭ്യാസങ്ങളുമൊന്നും തന്നെ കേരളീയരുടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന് ഉപകാരപ്രദമാവുന്ന തരത്തിലുള്ളതായിരുന്നതല്ലെന്നാണ് കേരളത്തിലെ മണ്ണും ജലവും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.

പിന്നിട്ട തലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ അറിവുകളും ,യാത്രാ സംവിധാനങ്ങളും പരിമിതവും ഭക്ഷണ രീതികളും വികസനലക്ഷ്യങ്ങളുമെല്ലാം വ്യത്യസ്തവുമായിരുന്നത് കൊണ്ട് തങ്ങള്‍ ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും മലിനമാകുമെന്ന സങ്കല്‍പം പോലും അവര്‍ക്കില്ലായിരുന്നു എന്നതാണ് പഴയകാല ജീവിതരീതികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

കേരളത്തിലെ പ്രകൃതി വിഭവങ്ങളുടെ സ്വാഭാവിക നിലനില്‍പ്പിന് കോട്ടംതട്ടുന്ന വിധത്തില്‍ സ്വാര്‍ഥരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ള അവസരങ്ങളിലെല്ലാം തന്നെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യാന്‍ കാലതാമസത്തിന് ഇടനല്‍കാത്തവരാണ് ഇക്കാലമത്രയും കേരളം ഭരിച്ചിട്ടുള്ളത്. എന്നാല്‍, പുതിയ തലമുറ പ്രകൃതി വിഭവങ്ങളുടെ തനത് മാതൃകകള്‍ മനസ്സിലാക്കുന്നതിന് പാഠപുസ്തകങ്ങളെയോ നോവലുകളേയോ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയിട്ടും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നവര്‍ക്കും ജലമലിനീകരണം ദിനചര്യയാക്കി കൊണ്ടിരിക്കുന്നവര്‍ക്കുമെതിരായി യാതൊരു ശിക്ഷാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരൊന്നും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ മലയാള പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ചാലിയാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ചിരുന്നതായി കാണാവുന്നതാണ് . ഗ്രീന്‍ ആല്‍ഗകളുടെ സാന്നിധ്യം കൊണ്ട് ചാലിയാറിലെ വെള്ളം പച്ച നിറത്തിലായി മാറിയതായിരുന്നു അതിനുള്ള കാരണം. ചാലിയാറിന്റെ നിറവ്യത്യാസം ജനങ്ങളില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ ഭാഗമായി വിദഗ്ധരുടെ സംഘം പരിശോധനക്കെത്തുകയും ചാലിയാറില്‍ അത്യന്തം അപകടകരമായ തോതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് കുടുതല്‍ പരിശോധനാ വിവരങ്ങള്‍ ലഭിക്കുന്നത് വരെ ചാലിയാറില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. അതിന്റെ ഫലമായി ചാലിയാറിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരാണ് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടേണ്ടി വന്നത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, സാമൂഹിക  സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരെല്ലാം ചേര്‍ന്ന് ചാലിയാറിലേക്കെത്തുന്ന കോളിഫോം ബാക്ടീരിയകളുടെ ഉറവിടങ്ങള്‍ തേടി തീരങ്ങളിലൂടെ യാത്ര ചെയ്യുകയും തീരവാസികളുടെയും വ്യാപാര സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യങ്ങള്‍ ചാലിയാറിലേക്ക് എത്തുന്നതായി കണ്ടെത്തുകയുമാണ് ചെയ്തത്. ചാലിയാറില്‍ അടിഞ്ഞ് കൂടിയ ഘരമാലിന്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം പാംബേയ്‌സ് നാപ്കിന്‍ തുടങ്ങിയവയും കാണപ്പെട്ടതിലൂടെ സംസ്‌കാര സമ്പന്നരായ മനുഷ്യര്‍ എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.

നദികളിലെ ജലത്തെ ആശ്രയിക്കുന്നവരില്‍ മനുഷ്യരെ പോലെ തന്നെ മറ്റനേകം ജീവിവര്‍ഗങ്ങളുമുണ്ടെന്നതിനാല്‍ ജലമലിനീകരണം പതിവ് ശീലങ്ങളുടെ ഭാഗമാക്കിയവര്‍ വെറുക്കപ്പെടേണ്ടവരും കടുത്ത ശിക്ഷ ലഭിക്കേണ്ടവരുമാണ്. നിര്‍ഭാഗ്യവശാല്‍ അത്തരക്കാരെ സാരോപദേശം നല്‍കി വിട്ടയക്കുന്നതിലാണ് ഭരണകൂടം ഏറെ താത്പര്യം കാണിച്ച് കൊണ്ടിരിക്കുന്നത്. ഓരോ വേനല്‍ക്കാലവും വരള്‍ച്ചയില്‍ നിന്നും വരള്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ജലമലിനീകരണത്തിന് കാരണക്കാരായവരെ കണ്ടെത്തി കടുത്ത ശിക്ഷ ലഭിക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും മതവിദ്യാഭ്യാസവും ധാര്‍മിക ബോധവും നല്‍കാന്‍ സാമുദായിക നേതൃത്വങ്ങള്‍ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമായി മാറിയിരിക്കുന്നു.
ലോകത്തെ 10ല്‍ എട്ട് പേര്‍ ജല ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാതങ്ങള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്നവരാണവര്‍. ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന മുന്‍വിധി ചിന്തകര്‍ പങ്കുവെക്കുന്നതും അതുകൊണ്ടുതന്നെയാണ്.