വേനല്‍ ചൂടിനെ പ്രതിരോധിക്കുന്നതെങ്ങനെ?

കട്ടികുറഞ്ഞ പഞ്ഞിവസ്ത്രങ്ങളാണ് വേനല്‍ക്കാലത്തിന് യോജിച്ചത്. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കണം. വീടിനകത്ത് വളരെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ജനലുകള്‍ പകല്‍ സമയത്ത് തുറന്നിടരുത്. ജനലും വാതിലും കര്‍ട്ടനുകളും അടച്ചിട്ട നിലയില്‍ പകല്‍ 10 മുതല്‍ നാല് വരെ സൂക്ഷിക്കുക. രാവിലെയും വൈകീട്ടും ജനലുകള്‍ തുറന്ന് കാറ്റും വെളിച്ചവും മുറികളില്‍ കയറി ഇറങ്ങാന്‍ അനുവദിക്കുക. ടെറസ്സിലാണെങ്കില്‍ തെങ്ങിന്റെ ഓലയും മടലും പനമ്പും വൈക്കോലും ഇട്ട് വെള്ളമൊഴിക്കുന്നത് നല്ലതാണ്. ടെറസ്സുകളില്‍ റൂഫ് ഗാര്‍ഡന്‍ സംവിധാനിക്കുന്നതും പച്ചക്കറി കൃഷി നടത്തുന്നതും ചൂട് കുറക്കാന്‍ അനുയോജ്യമാണ്.
Posted on: March 30, 2018 6:00 am | Last updated: March 29, 2018 at 9:32 pm

കേരളത്തില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ചൂടില്‍ നിന്നും വേനല്‍കാല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബോധപൂര്‍വമായ ചില പരിശ്രമങ്ങള്‍ കൂടിയേ തീരൂ. കുടിവെള്ളം പാഴാക്കാതെ സൂക്ഷിക്കലാണ് അതില്‍ പ്രധാനം. വെള്ളം പമ്പ് ചെയ്ത് മുകളിലെ ടാങ്കില്‍ കയറ്റുമ്പോള്‍ കവിഞ്ഞൊഴുകി പാഴായി പോകാതിരക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലീക്കുള്ള ടാപ്പുകളുടെയും ജലസംഭരണികളുടെയും ചോര്‍ച്ച തീര്‍ക്കുക, കുടിവെള്ള പൈപ്പ് പോകുന്ന സ്ഥലങ്ങളിലെ ചോര്‍ച്ച തീര്‍ക്കാന്‍ അധികാരികളുമായി ബന്ധപ്പെടുക എന്നിവയും വേണം. കുടിവെള്ളം ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കണം.

കഴിവതും നഗരങ്ങളിലെ ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും അശുദ്ധമായ ചുറ്റുപാടുകളില്‍ നിന്നും കുടിവെള്ളവും മറ്റു പാനീയങ്ങളും ഉപയോഗിക്കാതിരിക്കുന്നത് നന്നാകും. രോഗാതുരമായ ചുറ്റുപാടുകളില്‍ നിന്നും ഭക്ഷണവും പാനീയവും ഒഴിവാക്കുക. രാവിലെ 11 മണിക്ക് ശേഷവും വൈകുന്നേരം മൂന്ന് മണിക്ക് മുമ്പുമുള്ള യാത്രകള്‍ ഒഴിവാക്കാം. കെട്ടിടങ്ങളുടെ പുറത്തും റോഡിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ മേല്‍പറഞ്ഞ സമയം ഒഴിവാക്കി ക്രമീകരിക്കുക. പകല്‍ സയമം ധാരാളം വെള്ളം ലഭ്യമാകുന്ന തണ്ണിമത്തന്‍, പോലുള്ള പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നന്നാകും. ശരീരത്തിന് നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം.

കട്ടികുറഞ്ഞ പഞ്ഞിവസ്ത്രങ്ങളാണ് വേനല്‍ക്കാലത്തിന് യോജിച്ചത്. കറുത്ത വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് യാത്ര ചെയ്യുന്നവര്‍ക്ക് നല്ലത്. പകല്‍ യാത്രാവസരങ്ങളില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുകയും മുഖവും കഴുത്തുവരെ മൂടുന്ന ഇളം നിറമുള്ള വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കണം. വേനല്‍ക്കാല ദിവസങ്ങളില്‍ അടിവസ്ത്രം തീര്‍ച്ചയായും എല്ലാ ദിവസവും മാറ്റുകയും കഴുകി വൃത്തിയാക്കുകയും വേണം. വീടിനകത്ത് വളരെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.

ജനലുകള്‍ പകല്‍ സമയത്ത് തുറന്നിടരുത്. ജനലും വാതിലും കര്‍ട്ടനുകളും അടച്ചിട്ട നിലയില്‍ പകല്‍ 10 മുതല്‍ നാല് വരെ സൂക്ഷിക്കുക. പ്രകാശ രശ്മികള്‍ക്ക് ചൂടുള്ളതിനാല്‍ പ്രകാശത്തോടൊപ്പം ചൂടും വീടിനകത്തേക്ക് കൊണ്ടുവരും. അത് ചുമരുകള്‍ വലിച്ചെടുക്കുകയും രാത്രി സമയവും മുറിക്കുള്ളില്‍ ചൂട് അനുഭവപ്പെടുകയും ചെയ്യും. രാവിലെയും വൈകീട്ടും ജനലുകള്‍ തുറന്ന് കാറ്റും വെളിച്ചവും മുറികളില്‍ കയറി ഇറങ്ങാന്‍ അനുവദിക്കുക. വീടിന്റെ മുകളില്‍ ചൂടുള്ള രശ്മികള്‍ പ്രതിബിംബിച്ച് പോകാനുള്ള അവസരം നല്‍കണം. വെളുത്ത പെയിന്റോ കുമ്മായമോ ടെറസിലും ഓടിലും അടിക്കുക. ടെറസിന് മുകളില്‍ ഇരുമ്പ് ഷീറ്റ് ഉണ്ടെങ്കില്‍ അതിലും റിഫഌക്ട് ചെയ്യാവുന്ന ചായം തേക്കുക. ടെറസ്സിലാണെങ്കില്‍ തെങ്ങിന്റെ ഓലയും മടലും പനമ്പും വൈക്കോലും ഇട്ട് വെള്ളമൊഴിക്കുന്നത് നല്ലതാണ്. കെട്ടിടം ചൂടാകാതിരിക്കാന്‍ ഇത് ആവശ്യമാണ്.

കെട്ടിടങ്ങള്‍പകല്‍ ആഗിരണം ചെയ്യുന്ന ചൂടു രശ്മികള്‍ രാത്രി കാലങ്ങളില്‍ താപതരംഗമായി വീടിനകത്തേക്ക് പ്രവഹിക്കുമെന്നതിനാല്‍, പകലും രാത്രിയും ഒരുപോലെ മുറിക്കകത്ത് ചൂടനുഭവപ്പെടും. ഇത് ഒഴിവാക്കുക. പകല്‍ സമയങ്ങളില്‍ പാചകം ഒഴിവാക്കുന്നതാണ് നല്ലത്. അതിരാവിലെയോ വൈകീട്ടോ അടുക്കളയില്‍ പാചകം ചെയ്യുകയാണെങ്കില്‍ പകല്‍ വെയിലിന്റെ കാഠിന്യത്തോടൊപ്പം വീടിനകത്തെ അടുപ്പില്‍ നിന്നുള്ള ചൂട് വീടാകെ പരക്കുന്നത് ഒഴിവാക്കാം. രാത്രി കാലങ്ങളില്‍ മുറികളില്‍ ഫാനിന്റെ ചുവടെ നിലത്ത് പരന്ന പാത്രത്തില്‍ വെള്ളം വെക്കുന്നത് മുറിയിലെ താപം കുറക്കുന്നതിന് നല്ലതാണ്. ചോര്‍ച്ചയില്ലാത്ത ടെറസ്സാണെങ്കില്‍, കെട്ടിടത്തിന് മുകളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് ചൂടിന്റെ കാഠിന്യം കുറക്കും. ടെറസ്സുകളില്‍ റൂഫ് ഗാര്‍ഡന്‍ സംവിധാനിക്കുന്നതും പച്ചക്കറി കൃഷി നടത്തുന്നതും ചൂട് കുറക്കാന്‍ അനുയോജ്യമാണ്.
വീടിന് ചുറ്റും ഹരിതാഭമാക്കുന്നതും ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതും ചുറ്റുപാടും തണുപ്പിക്കാന്‍ അഭികാമ്യമാണ്. വീടകം മണ്ണ് ഇഷ്ടികയും പ്രകൃതിദത്തമായ ഫ്‌ളോറിംഗ് മെറ്റീരിയല്‍സും ഉപയോഗിക്കുന്നതും രാത്രികാല ചൂട് കുറക്കും. വീടിന് മുകളിലേക്ക് പടര്‍ന്നു കയറുന്ന പൂച്ചെടികള്‍ പടര്‍ത്തിവിടുന്നത് പൊടി പടലങ്ങള്‍ കുറക്കുന്നതിനും ചൂട് നിയന്ത്രിക്കുന്നതിനും നല്ലതാണ്. വീടിന്റെ തട്ടില്‍ ഉറപ്പിക്കാവുന്ന തരം ഫാനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ധാരാളം സ്ഥലം ലഭ്യമാണെങ്കില്‍ വീടിന് മുമ്പില്‍ പുല്‍തകിടി തീര്‍ക്കുന്നത് അഭികാമ്യമാണ്. വേനലില്‍ ചെടികള്‍ നനക്കുന്നത് വൈകുന്നേരമാക്കണം. അടുക്കള തോട്ടങ്ങളിലും മട്ടുപ്പാവ് കൃഷിയിടങ്ങളിലും ഡ്രിപ് ഇറിഗേഷന്‍(വെള്ളം തുള്ളിതുള്ളിയായി വീഴുന്ന രീതി) ഉപയോഗിച്ചാല്‍ കൂടുതല്‍ വെള്ളം സംരക്ഷിക്കാനാകും. വീടിനകത്ത് വളര്‍ത്താവുന്ന ഇന്‍ഡോര്‍ ചെടികള്‍ നല്ലതായിരിക്കും. ഇതിനായി പ്രത്യേകം രൂപ്പകല്‍പന ചെയ്ത ചെടിച്ചട്ടികള്‍ ഉപയോഗിക്കണം. വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ജനലുകളിലും മറ്റും പടര്‍ന്നുകയറുന്ന ഇന്‍ഡോര്‍ ചെടികളും ഭിത്തികളില്‍ വളര്‍ത്താവുന്ന ചെടികളും ഉപയോഗിക്കുന്നത് ചൂട് കുറക്കാന്‍ ഉപകരിക്കും. എല്ലാ തരം ചെടികളും വെള്ളം കൂടുതല്‍ വലിച്ചെടുക്കുന്നത് രാവിലെ ആയതിനാല്‍ ചെടി നനക്കുന്നത് വൈകുന്നേരങ്ങളില്‍ മാത്രമാക്കുക.

ഭക്ഷണത്തിന് മുമ്പ് വൃത്തിയായി കൈ കഴുകുകയും ഉറങ്ങുന്നതിന് മുമ്പ് കുളിക്കുകയും ചെയ്യുന്ന ശീലം വേനല്‍ കാലങ്ങളില്‍ അത്യന്താപേക്ഷിതമാണ്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ഇത് ആവശ്യമാണ്. 2017ല്‍ ലഭിക്കേണ്ട മഴയുടെ 29 ശതമാനം കുറവാണ് കേരളത്തിന് ലഭിച്ചത്. അതിനാല്‍ തന്നെ സംസ്ഥാനം അതിഭീകരമായ വേനലിനെയാണ് നേരിടാന്‍ പോകുന്നതെന്ന് മനസ്സിലാക്കണം. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും 2018 സാക്ഷ്യം വഹിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.