സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച നേരത്തേ അറിഞ്ഞു

  • ട്യൂഷന്‍ സെന്റര്‍ ഉടമയെ ചോദ്യം ചെയ്യുന്നു
  • മുഴുവന്‍ പരീക്ഷകളും റദ്ദാക്കണമെന്ന് വിദ്യാര്‍ഥികള്‍
Posted on: March 29, 2018 11:34 pm | Last updated: March 30, 2018 at 12:48 pm
സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും

ന്യൂഡല്‍ഹി: സി ബി എസ് ഇ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് രണ്ട് ദിവസം മുമ്പ് തന്നെ സെന്‍ട്രല്‍ ബോര്‍ഡിനും പോലീസിനും വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ചോദ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ട്യൂഷന്‍ സെന്റര്‍ കേന്ദ്രകരിച്ച് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി രാജേന്ദ്രനഗറിലെ ട്യൂഷന്‍ സെന്റര്‍ ഉടമ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സി ബി എസ് ഇ നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഈ മാസം 23ന് സി ബി എസ് ഇക്ക് അജ്ഞാത സന്ദേശം ഫാക്‌സായി ലഭിക്കുകയായിരുന്നു. ഡല്‍ഹി രാജേന്ദ്രനഗറില്‍ കോച്ചിംഗ് സ്ഥാപനം നടത്തുന്ന വിക്കി എന്ന വ്യക്തി ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. നഗരത്തിലെ രണ്ട് പ്രധാന സ്‌കൂളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശം ലഭിച്ച പിറ്റേ ദിവസം തന്നെ സി ബി എസ് ഇ റീജ്യനല്‍ ഓഫീസിന് വിവരം കൈമാറുകയും വാട്‌സ്ആപ്പ് വഴി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ മാസം 26ന് റൗസ് അവന്യൂവിലെ സി ബി എസ് ഇ അക്കാദമിക് യൂനിറ്റില്‍ വിലാസമില്ലാത്ത കവറില്‍ ഇക്കണോമിക്‌സ് പരീക്ഷയുടെ ഉത്തരങ്ങള്‍ എഴുതിയ നാല് പേപ്പറുകള്‍ ലഭിക്കുകയായിരുന്നു. വിഷയത്തില്‍ ട്യൂഷന്‍ സെന്ററുമായി ബന്ധപ്പെട്ട ട്യൂട്ടര്‍മാരും അധ്യാപകരും പോലീസ് നിരീക്ഷണത്തിലാണ്. വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പര്‍ ലഭിച്ച പത്തോളം വരുന്ന വിദ്യാര്‍ഥികളും പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ വൈകാതെ ചോദ്യം ചെയ്യും.

സി ബി എസ് ഇ പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷാ പേപ്പറുകളാണ് ചോര്‍ന്നത്. രണ്ട് വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തുമെന്ന് സി ബി എസ് ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സി ബി എസ് ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കണക്ക് പരീക്ഷ എഴുതിക്കഴിഞ്ഞ് ഹാള്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് പരീക്ഷ റദ്ദാക്കിയതായി സി ബി എസ് ഇ അറിയിച്ചത്. പരീക്ഷാ തീയതികള്‍ തിങ്കളാഴ്ച ബോര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രകാശ് ജാവദേകറിനെയും സി ബി എസ് ഇ ചെയര്‍പേഴ്‌സണ്‍ അനിതാ കര്‍വാളിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

സി ബി എസ് ഇയുടെ വിവിധ റീജിയനുകളില്‍ രക്ഷിതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഡല്‍ഹി ജന്തര്‍മന്ദറില്‍ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രകടനവുമായി എത്തി. മുഴുവന്‍ പരീക്ഷകളുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഇവര്‍ ആരോപിച്ചു.