സണ്‍ റൈസേഴ്‌സിനെ കാന്‍ വില്ല്യംസണ്‍ നയിക്കും

Posted on: March 29, 2018 9:14 pm | Last updated: March 29, 2018 at 11:17 pm

ഹൈദരാബാദ്: ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ന്യൂസിലാന്‍ഡ് താരം കാന്‍ വില്ല്യംസണ്‍ നയിക്കും. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില്ല്യംസണെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.

വാര്‍ണറെ ക്രിക്കറ്റ് ആസ്‌ത്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അതിനാല്‍, താരത്തിന് ഈ ഐ പി എല്‍ സീസണില്‍ കഴിക്കാനും കഴിയില്ല. തന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ഏറെ സന്തോഷം പകരുന്നതായും വെല്ലുവിളി ഏറ്റെടുക്കാനുള്ള ആവേശത്തിലാണെന്നും വില്ല്യംസണ്‍ പറഞ്ഞു.

2015ല്‍ ശിഖര്‍ ധവാന് പകരമായാണ് വാര്‍ണറെ ക്യാപ്റ്റനായി നിയോഗിച്ചത്. ആ സീസണില്‍ ടീം കിരീടം നേടുകയും ചെയ്തു. 2016 സീസണില്‍ 848 റണ്‍സ് അടിച്ചൂകൂട്ടിയ വാര്‍ണര്‍ സീസണിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനുമായി. 2015ലാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റനായ വില്ല്യംസണ്‍ സണ്‍റൈസേഴ്‌സിന്റെ ഭാഗമായത്. ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റന്‍ കൂടിയാണ് വില്ല്യംസണ്‍.

നേരത്തെ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും രാജിവെച്ചിരുന്നു. അജിങ്ക്യ രഹാനെയാണ് പുതിയ ക്യാപ്റ്റന്‍.