തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്

Posted on: March 29, 2018 10:54 pm | Last updated: March 29, 2018 at 10:54 pm

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. പൂജപ്പുര സ്വദേശിയും സിനിമാ താരം പൂജപ്പുര രവിയുടെ മകനുമായ ഹരിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. ഇന്നലെ രാവിലെ 11 ഓടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,500 രൂപ പിന്‍വലിച്ചുവെന്ന സന്ദേശം ഹരിയുടെ മൊബൈലില്‍ എത്തി. ഉടനെ എസ് ബി ഐയില്‍ പരാതി നല്‍കി. അന്താരാഷ്ട്രതലത്തിലാണ് വിനിമയം നടന്നിരിക്കുന്നതെന്നും അങ്ങനെയെങ്കില്‍ നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാമെന്നുമാണ് ബേങ്ക് അധികൃതര്‍ അറിയിച്ചത്. ഒരാഴ്ചക്കകം പണം തിരിച്ചു നല്‍കാന്‍ കഴിയുമെന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചു.

ഇന്ത്യക്കകത്ത് നിന്ന് പണം എടുത്തിട്ടുണ്ടെങ്കില്‍ വണ്‍ ടൈം പാസ് വേര്‍ഡ് ഉപയോഗിക്കും. എന്നാല്‍ ഹരിയുടെ കാര്യത്തില്‍ വണ്‍ ടൈം പാസ്‌വേര്‍ഡ് ഉപയോഗിച്ചിട്ടില്ല. അതിനാലാണ് വിനിമയം നടന്നത്്് അന്താരാഷ്ട്ര തലത്തിലാണെന്ന നിഗമനത്തില്‍ ബേങ്ക് എത്തിയിരിക്കുന്നത്. സെബര്‍ സെല്ലിലും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.