അംബേദ്കറുടെ പേര് മാറ്റി യോഗി സര്‍ക്കാര്‍

Posted on: March 29, 2018 3:09 pm | Last updated: March 30, 2018 at 9:46 am

ലക്‌നോ: ഭരണഘടനാ ശില്‍പി അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഭീംറാവു അംബേദ്കര്‍ എന്ന പേരിന് പകരം ഡോ. ഭീംറാവു റാംജി അംബേദ്കര്‍ എന്നാക്കിമാറ്റി യോഗി അദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി. പഴയതും പുതിയതുമായ എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇതേ രീതി പിന്തുടരണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. കോടതി രേഖകളിലും ഇതേ പേര് ഉപയോഗിക്കണണെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഭരണഘടനയില്‍ അദ്ദേഹം ഒപ്പ് വച്ചിരിക്കുന്നത് ഭീംറാവു റാംജി അംബേദ്കര്‍ എന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് പേര് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയില്‍ പിതാവിന്റേ പേര് മകന്റെ പേരിന്റെ മധ്യഭാഗത്ത് ഉള്‍പ്പെടുത്തുന്ന രീതി കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാറിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു.