കൈവിരലുകള്‍ പിടിച്ചുഞെരിച്ചു; രോഗിയോട് ആശുപത്രി ജീവനക്കാരന്റെ ക്രൂരത

Posted on: March 29, 2018 11:55 am | Last updated: March 29, 2018 at 3:34 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കുനേരെ ജീവനക്കാരന്റെ ക്രൂരത. കാലൊടിഞ്ഞതിനെ തുടര്‍ന്ന് കമ്പിയിട്ടു കിടക്കുന്ന വിളക്കുപാറ സ്വദേശി വാസുവിനോടാണ് ആശുപത്രി അറ്റന്‍ഡര്‍ സുനില്‍ കുമാര്‍ ക്രൂരമായി പെരുമാറിയത്. രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡറായ സുനില്‍കുമാര്‍ പിടിച്ചു ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വാര്‍ഡായ പതിനഞ്ചിലാണ് സംഭവം.

വാസുവിന്റെ കൈ വിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും മെഡിക്കല്‍ കോളജ് അശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ടിനോട് സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.