മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തി; ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

Posted on: March 29, 2018 9:17 am | Last updated: March 29, 2018 at 11:45 pm
ആറ് വര്‍ഷത്തിന് ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ മലാല യൂസുഫ് സായി മാതാപിതാക്കള്‍ക്കും പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസിക്കുമൊപ്പം ഇസ്‌ലാമാബാദില്‍. പാക് വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തുവിട്ട ചിത്രം വാര്‍ത്ത പേജ് ഏഴ്‌

ഇസ്‌ലാമാബാദ്: താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷത്തിനു ശേഷമാണ് മലാല പാക്കിസ്ഥാനിലെത്തുന്നത്. മാതാപിതാക്കള്‍ക്കൊപ്പമാണ് മലാല പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയത്. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് താലിബാന്‍ നേരത്തേ ഭീഷണിയുയര്‍ത്തിയിരുന്നു. അതിനാല്‍, കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാലക്ക് നേരെ 14ാം വയസ്സിലാണ് ആക്രമണമുണ്ടായത്. സ്‌കൂള്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ താലിബാന്‍ ഭീകരര്‍ മലാലക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെറ്റിയിലാണ് വെടിയുണ്ട തറച്ചത്. തുടര്‍ന്ന് ബ്രിട്ടനില്‍ വിദഗ്ധ ചികിത്സയിലൂടെയാണ് മലാലയുടെ ജീവന്‍ രക്ഷിക്കാനായത്.

ആരോഗ്യം വീണ്ടെടുത്തശേഷം അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയായിരുന്നു. പിന്നീട്, മുനുഷ്യാവകാശത്തിന്റേയും സ്ത്രീകരുത്തിന്റേയും പ്രതീകമായി അവര്‍ മാറി. ഒടുവില്‍ 2014ല്‍ സമാധാനത്തിന്റെ നൊബേല്‍ സമ്മാനവും മലാലയെ തേടിയെത്തി.