Connect with us

Kerala

ഭൂമി ഏറ്റെടുത്താല്‍ നടപടി അതിവേഗം

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം, ജലപാതാ വികസനം, കൊച്ചി കനാല്‍ നവീകരണം, തുറമുഖ റോഡ് വികസനം, എന്നീ പദ്ധതികള്‍ മുന്‍ നിര്‍ത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. തലപ്പാടി നീലേശ്വരം ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്താല്‍ മറ്റ് നടപടികള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം പാതയുടെ വികസന കാര്യത്തില്‍ ഭൂമിയുടെ വിലയാണ് പ്രശ്നമായത്. അവിടെ ഭൂമിക്ക് വില കൂടുതലാണെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിനുള്ളത്. എന്നാല്‍, നിലവിലുള്ള വില വെച്ചാണ് ജില്ലാ കലക്ടര്‍ ഭൂമി ഏറ്റെടുത്തത്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരക്കാണ് കലക്ടര്‍ പരിഗണിച്ചത്. ഇതിനോട് മന്ത്രാലയം യോജിച്ചില്ല. ഇത് വിശദമായി ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും നിര്‍ദേശങ്ങള്‍ പങ്കുവച്ചു. വിഷയത്തില്‍ ചില തീരുമാനങ്ങളിലെത്തിയതായി പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് അനുകൂല നിലപാടാണ് ഉണ്ടായതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കാനുള്ളതിനാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 59 പദ്ധതികളാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി നേരത്തെ ചര്‍ച്ച ചെയ്തിരുന്നതെങ്കിലും മൂന്ന് പദ്ധതികള്‍ക്ക് മാത്രമാണ് ഇതിനകം അംഗീകാരം ലഭിച്ചത്. 192 കിലോമീറ്റര്‍ റോഡാണ് ആവശ്യമെങ്കിലും 18 കിലോമീറ്റര്‍ മാത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന ആവശ്യത്തോട് അനുകൂല പ്രതികരണമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ചുമതല സര്‍ക്കാര്‍ നിര്‍വഹിച്ചാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനല്‍കി. തുറുമുഖത്തിന്റെ അധീനതയിലുള്ള ഭൂമി വിട്ടുനല്‍കാമെന്ന ഉറപ്പ് സംസ്ഥാന സര്‍ക്കാറും നല്‍കിയിട്ടുണ്ട്.

കൊല്ലം – കോഴിക്കോട് ദേശീയ ജലപാതാ വികസനവുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നു. കൊല്ലത്ത് നിന്ന് കോവളത്തേക്കും കോഴിക്കോട് നിന്ന് ബേക്കല്‍ വരേയും ജലപാത ദീര്‍ഘിപ്പിക്കാനാണ് പദ്ധതി. സിയാലുമായി ചേര്‍ന്ന നടപ്പാക്കുന്ന ഈ പദ്ധതിക്ക് അയ്യായിരം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യത്തോട് അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ ഏതാനും കനാലുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ പ്രത്യേക പദ്ധതിയുടെ ഡീറ്റയില്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ സഹകരിക്കാമെന്ന ഉറപ്പും കേന്ദ്ര സര്‍ക്കാര്‍ നല്‍കി. തലസ്ഥാന നഗരിയുടെ വികസനത്തിനായി റിംഗ് റോഡ് നിര്‍മിക്കാന്‍ ആവശ്യമായ സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയാല്‍ സഹായിക്കാമെന്ന ഉറപ്പും കേന്ദ്രമന്ത്രി നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചയില്‍ കെ കെ രാഗേഷ് എം പി, കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും അഡീ. ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത, അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest