സംരക്ഷിത വനമേഖലയില്‍ വിദേശ ആപ്പിന്റെ വിവര ശേഖരണം

അന്വേഷണം വേണമെന്ന് വി എസ്
Posted on: March 29, 2018 6:21 am | Last updated: March 29, 2018 at 12:27 am

തിരുവനന്തപുരം: സംരക്ഷിത വനമേഖലയില്‍ വിദേശ മൊബൈല്‍ ആപ്ലിക്കേഷന്റെ വിവര ശേഖരണം. ഇ-ബേര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് കേരളത്തിലെ സംരക്ഷിത വനമേഖലയിലെ അതിലോല വിവരങ്ങള്‍ വിദേശ വിവര ശേഖരത്തിലേക്ക് കടത്തുന്നത്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ വനം മന്ത്രി കെ രാജുവിന് കത്ത് നല്‍കി.

സംരക്ഷിത വനമേഖലകള്‍, ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പക്ഷികളെക്കുറിച്ച് ജൈവവൈവിധ്യമാര്‍ന്ന അതിലോലമായ വിവരങ്ങള്‍ സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും സഹിതം അമേരിക്കന്‍ സെര്‍വറിലേക്ക് കടത്തുകയാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി പത്രമോ കരാറുകളോ ഇല്ല. എന്നാല്‍, ഈ ആപ്പ് ഉപയോഗിച്ച് ഡാറ്റ അപ്‌ലോഡ് ചെയ്യാന്‍ വനം വകുപ്പില്‍ നിന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വകുപ്പ് മേധാവിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഇ-ബേര്‍ഡ് ഒരു സര്‍വേ ഉപകരണമല്ല. അത് അടിസ്ഥാനപരമായി ഒരു ഡിജിറ്റല്‍ ഡാറ്റാ ശേഖരമാണ്. അമേരിക്കന്‍ ഐക്യനാടുകളിലിരിക്കുന്ന ഇതിന് ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ല. സര്‍വേ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണിലെ ഇ-ബേര്‍ഡ് ആപ്ലിക്കേഷനില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ഈ വിദേശ സര്‍വറില്‍ രേഖപ്പെടുത്തുന്നുണ്ട്. മാത്രമല്ല, സര്‍വേ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ അപ്പപ്പോള്‍ തന്നെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനാല്‍ അതിലോലമായ വിവരങ്ങളാണോ മറ്റൊരു രാജ്യത്തെ സെര്‍വറിലുള്ള ഇ-ബേര്‍ഡിലേക്ക് നല്‍കുന്നതെന്ന് അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് പരിശോധിക്കുവാന്‍ സര്‍ക്കാറിന് അവസരമില്ല. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഓപണ്‍ ഗവണ്‍മെന്റ് ഡാറ്റ പ്ലാറ്റ് ഫോം ഇന്ത്യ എന്ന വെബ് പ്ലാറ്റ്‌ഫോമില്‍ മാത്രമേ വിവരങ്ങള്‍ പങ്കുവെക്കാകൂവെന്നും, ഇത് എപ്രകാരം ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.

കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പണവും ഉപഹാരങ്ങളും മറ്റും നല്‍കി പക്ഷികളെ സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ ഇ-ബേര്‍ഡ് ഇന്ത്യയില്‍ നിന്ന് ശേഖരിച്ചു കഴിഞ്ഞു. വിവരാവകാശ നിയമം, കോടതികള്‍ എന്നിവക്ക് യാതൊരു വിധ അധികാരവുമില്ലാത്ത ഇ-ബേര്‍ഡ്, പൊതുമുതല്‍ ഉപയോഗിച്ച് നടത്തുന്ന സര്‍വേകളിലും പൊതുസ്ഥാപനങ്ങള്‍ നടത്തുന്ന സര്‍വേകളിലും ഉപയോഗിക്കരുതെന്നുള്ള ഒരു പൊതുനയം രൂപപ്പെടുത്തുന്ന കാര്യം ഗൗരവമായി ആലോചിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.