ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നു; ഖത്വര്‍ യു എന്നിന് പരാതി നല്‍കി

Posted on: March 29, 2018 6:21 am | Last updated: March 29, 2018 at 12:23 am

ദോഹ: ബഹ്‌റൈന്‍ സര്‍ക്കാര്‍ സഊദിയുടെ വ്യോമമേഖലയില്‍ അതിക്രമിച്ചു കടക്കുന്നതായി ഖത്വര്‍. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനും സെക്രട്ടറി അന്റോണിയോ ഗുട്ടറസിനും ഇതുസംബന്ധിച്ച് ഖത്വര്‍ കത്തയക്കുകയും ചെയ്തു. ബഹ്‌റൈന്‍ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തുകയാണെന്നും സുരക്ഷാ കൗണ്‍സിലിനയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഖത്വര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ഖത്വറിനുണ്ടെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസ്താവനയില്‍ പറയുന്നു. അടുത്തിടെ സമാനമായ മറ്റു ചില അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്വറിന്റെ അനുമതിയില്ലാതെ എമിറേറ്റിന്റെ ഒരു സൈനിക വിമാനം ജനുവരി 14ന് ഖത്വറിന്റെ ആകാശപരിധിയിലൂടെ സഞ്ചരിച്ചിരുന്നു. ഇതിന് ശേഷം ഫെബ്രുവരി 25ന് മറ്റൊരു എമിറേറ്റ് യുദ്ധവിമാനം ഖത്വര്‍ അതിര്‍ത്തിവരെ എത്തിയെങ്കിലും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു. എമിറേറ്റിന്റെയും ബഹ്‌റൈനിന്റെയും യുദ്ധവിമാനങ്ങള്‍ ഖത്വര്‍ ആകാശപരിധിക്ക് മുകളിലൂടെ ഈ മാസം 10ന് അനുമതിയില്ലാതെ സഞ്ചരിച്ചതായും ഖത്വര്‍ ചൂണ്ടിക്കാട്ടുന്നു.

സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ച് മുതല്‍ ഖത്വറിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിവരികയാണ്.