Connect with us

International

പ്രധാനമന്ത്രിക്ക് നേരെ വധശ്രമം: നിരവധി ഹമാസ് പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അറസ്റ്റില്‍

Published

|

Last Updated

ഗാസ സിറ്റി: രണ്ടാഴ്ച മുമ്പ് ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി ഹമാസ് പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രധാനമന്ത്രി റാമി ഹംദുല്ലയുടെ സുരക്ഷാ വാഹനവ്യൂഹങ്ങളില്‍ ചിലത് സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ഹമാസാണെന്നും പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വധശ്രമമായിരുന്നു ഇതെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഹമാസ്, ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി. സ്‌ഫോടനശ്രമമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് ഹമാസ് പ്രവര്‍ത്തകരെ വധിച്ചിരുന്നു. തിരച്ചിലിനിടെ പ്രതികളെന്ന് സംശയിക്കുന്ന ഇവരെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. പുതിയ സംഭവങ്ങള്‍ ഹമാസിനും ഫലസ്തീന്‍ അതോറിറ്റിക്കും ഇടയില്‍ അകല്‍ച്ച കൂട്ടിയിട്ടുണ്ട്.

ഇതുവരെ ഫലസ്തീന്‍ അധികൃതര്‍ 55 ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റി നടത്തുന്ന അറസ്റ്റ് നടപടികള്‍ നീതിപൂര്‍വമല്ലെന്ന് ഫലസ്തീന്‍ കൗണ്‍സില്‍ അംഗം ഹസന്‍ ഖരീഷെ ചൂണ്ടിക്കാട്ടി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്‌റാഈലിന്റെ തലസ്ഥാനം ജറൂസലമായി പ്രഖ്യാപിച്ചതടക്കമുള്ള വലിയ വിഷയങ്ങള്‍ പരിഹരിക്കപ്പെടാന്‍ ബാക്കികിടക്കുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ സമയം കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest