തിരഞ്ഞെടുപ്പിന് ഒരാഴ്ച അവശേഷിക്കെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിര്‍ത്തി മാറ്റം; മലേഷ്യന്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം

Posted on: March 29, 2018 6:03 am | Last updated: March 29, 2018 at 12:21 am
SHARE
തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിര്‍ത്തി മാറ്റി നിശ്ചയിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ മലേഷ്യന്‍ പാര്‍ലിമെന്റിന് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിലേര്‍പ്പെട്ടപ്പോള്‍

ക്വലാലംപൂര്‍: തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിര്‍ത്തി മാറ്റി നിശ്ചയിക്കാനുള്ള മലേഷ്യന്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് നൂറുക്കണക്കിന് മലേഷ്യക്കാര്‍ ഇന്നലെ തെരുവിലിറങ്ങി. വോട്ടെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരാഴ്ച മാത്രമാണ് ഇനിയുള്ളത്. അഴിമതി കേസില്‍ വിവാദച്ചുഴിയിലകപ്പെട്ട നിലവിലെ പ്രധാനമന്ത്രി നജീബ് റസാഖ് അധികാരത്തില്‍ തുടരുന്നതിന് വേണ്ടി നടത്തുന്ന തന്ത്രങ്ങളാണ് ഇത്തരം നീക്കങ്ങളെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ ചിലയിടങ്ങളില്‍ മാറ്റിനിശ്ചയിച്ചുള്ള ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കും. വ്യാജ ന്യൂസുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുശാസിക്കുന്ന വിവാദ ബില്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചിരുന്നു. ഇതിന് പിറകെയാണ് വീണ്ടും വിവാദ നീക്കവുമായി നജീബ് റസാഖ് സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം കൃത്യമായ ഇടവേളകളില്‍ നടക്കാറുള്ള നടപടിയാണെന്നും ജനസംഖ്യാ വ്യത്യാസമനുസരിച്ച് ഇത് അനിവാര്യമാകുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

സര്‍ക്കാറിന്റെ വിവാദ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ നൂറുക്കണക്കിന് പേര്‍ പാര്‍ലിമെന്റിന് മുന്നില്‍ പ്രകടനം നടത്തി. പുതിയ മണ്ഡല നിര്‍ണയം അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന് അനുകൂലമാണെന്നും തിരഞ്ഞെടുപ്പ് വിജയം കട്ടെടുക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.