Connect with us

National

ബംഗാളിലെ അസന്‍സോളില്‍ നിരോധനാജ്ഞ; കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷം തുടരുന്നതിനാല്‍ മേഖലയില്‍ 144 ഏര്‍പ്പെടുത്തി. ദ്രുതകര്‍മ സേന അടക്കമുള്ള സുരക്ഷാ സേനകളെ പോലീസിനൊപ്പം വിന്യസിച്ചിട്ടുണ്ട്. അതിനിടെ, രാമനവമി റാലിക്കിടയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലുമായുണ്ടായ സംഘര്‍ഷത്തെയും കൊള്ളിവെപ്പിനെയും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കേന്ദ്രം റിപ്പോര്‍ട്ട് തേടി. സാധാരണ നില കൈവരിക്കാന്‍ വേണ്ട സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ചും സാധാരണ നില കൈവരിക്കാന്‍ കൈക്കൊണ്ട നടപടികളെ കുറിച്ചും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് തേടിയത്. ചില ജില്ലകളില്‍ സംഘര്‍ഷം തുടരുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ സഹായം കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പുരുലിയ, മുര്‍ശിദാബാദ്, ബര്‍ധ്മാന്‍ വെസ്റ്റ്, റാണിഗഞ്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് രാമനവമി റാലിയെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റു. റാണിഗഞ്ച് പ്രദേശത്ത് ബോംബ് സ്‌ഫോടനത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കൈ നഷ്ടപ്പെട്ടു. വന്‍തോതില്‍ പോലീസ് സേനയെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കലാപം, കൊള്ളിവെപ്പ് എന്നിവയുടെ നിരവധി കേസുകള്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തു.