കര്‍ണാടകയില്‍ 18 ലക്ഷം മുസ്‌ലിംകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്

Posted on: March 29, 2018 6:19 am | Last updated: March 28, 2018 at 11:58 pm

ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് 18 ലക്ഷം മുസ്‌ലിംകള്‍ പുറത്തെന്ന് റിപ്പോര്‍ട്ട്. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ കാണാതിരിക്കുകയോ അല്ലെങ്കില്‍ ഇവരുടെ പേരില്‍ വോട്ടര്‍ ഐ ഡി നല്‍കാതിരിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. പ്രശസ്ത സാമ്പത്തിക വിദഗ്ധനും സച്ചാര്‍ കമ്മിറ്റി അംഗവുമായിരുന്ന ഡോ. അബുസ്വാലിഹ് ശരീഫ് നേതൃത്വം നല്‍കുന്ന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡിബേറ്റ്‌സ് ഇന്‍ ഡെവലപ്‌മെന്റ് പോളിസീസ് (സി ആര്‍ ഡി ഡി പി) ആണ് ഈ എന്‍ ജി ഒയെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

1.28 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയിലില്ലാത്ത 16 നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സി ആര്‍ ഡി ഡി പി റിസര്‍ച്ച് അസോസിയേറ്റും സി ഒ ഒയുമായ ഖാലിദ് സൈഫുല്ല പറഞ്ഞു. ഈ കണക്ക് വെച്ച് 224 മണ്ഡലങ്ങളില്‍ നിന്ന് 15 ലക്ഷം മുസ്‌ലിം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മാസം 28ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയും 2011ലെ സെന്‍സസ് റിപ്പോര്‍ട്ടും താരതമ്യം ചെയ്താണ് ഈ കണ്ടെത്തല്‍. സെന്‍സസ് അനുസരിച്ച് ശിവാജിനഗര്‍ മണ്ഡലത്തില്‍ 4.3 ശതമാനം ഒരാള്‍ മാത്രമുള്ള വീടുകളുണ്ട്. ഇവിടെ മൊത്തം 18,453 മുസ്‌ലിം വീടുകള്‍ വരും. അതേസമയം, രജിസ്റ്റര്‍ ചെയ്ത ഒരു വോട്ടര്‍ മാത്രമുള്ള 8900 വീടുകളുണ്ട്. ഇത് മൊത്തം മുസ്‌ലിം വീടുകളുടെ 40 ശതമാനം വരും.

ഇതിനെ തുടര്‍ന്ന് ജനങ്ങളെ ബോധവത്കരിക്കാന്‍ മിസ്സിംഗ് മുസ്‌ലിം വോട്ടേഴ്‌സ്. കോം എന്ന പേരില്‍ വെബ്‌സൈറ്റും മുസ്‌ലിം വോട്ടേഴ്‌സ് എന്ന ആപ്പും ഇവര്‍ വികസിപ്പിച്ചു. ഒഴിവായിപ്പോയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ ജനങ്ങളെ ബോധവത്കരിക്കുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ പിന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഇത് ശരിയല്ല. പത്രികാ സമര്‍പ്പണത്തിന്റെ അവസാന തീയതി വരെ പേര് ചേര്‍ക്കാവുന്നതാണ്. സന്നദ്ധ പ്രവര്‍ത്തകരായി ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രദേശത്തെ ഒഴിവായിപ്പോയ വോട്ടര്‍മാരുടെ വിവരം ഇവര്‍ക്ക് ലഭിക്കും. ഇവരുടെ പേര് ചേര്‍ക്കുന്നതിന് സഹായിക്കാം. ഈ മാസം 13ന് ആപ്പ് തുടങ്ങിയ ശേഷം 8000 പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ശിവാജി നഗറില്‍ 700 അപേക്ഷകള്‍ ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാതാകുന്നത് കര്‍ണാടകയില്‍ ആദ്യമല്ല. 2010ലെ ബി ബി എം പി, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇതുസംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.