Connect with us

Kerala

പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടംഗ സംഘം പിടിയില്‍

Published

|

Last Updated

പ്രതികളില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന്‌

പെരിന്തല്‍മണ്ണ: മയക്കുമരുന്ന് വിപണന മേഖലയില്‍ ഏര്‍പ്പെട്ട രണ്ട് പേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്മള സ്വദേശി പട്ടര്‍ക്കടവന്‍ അബ്ദുല്‍ ജലീല്‍(44), വണ്ടൂര്‍ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടില്‍ മുബാറക്ക്(36) എന്നിവരാണ് ബുധനാഴ്ച രാവിലെ പെരിന്തല്‍മണ്ണ ബൈപ്പാസിലുള്ള ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച് അറസ്റ്റിലായത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ സമയം ലഹരി ലഭിക്കുന്ന 43,000ത്തോളം മയക്കുമരുന്ന് ഗുളികകളുമായാണ് സംഘം പോലീസ് വലയിലായത്.

പിടിയിലായ പ്രതികള്‍

ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനു, എസ് ഐമാരായ വി കെ കമറുദ്ദീന്‍, അബ്ദുല്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. വിദേശരാജ്യങ്ങളില്‍ ഒരു ഗുളികക്ക് 300 മുതല്‍ 400 വരെയും ഇന്ത്യയില്‍ പലരൂപത്തിലായി 100 മുതല്‍ 200 വരെയുമാണ് വില. ഇന്ത്യയിലെ പ്രധാന പട്ടണങ്ങളില്‍ നിശാപാര്‍ട്ടികളിലും ഡി ജെ പാര്‍ട്ടികളിലും ഈ മയക്കുമരുന്ന് ഗുളികകള്‍ വന്‍തുക ഈടാക്കി വി ല്‍പ്പന നടത്തിവരുന്നതായി പ്രതികള്‍ മൊഴിനല്‍കി. കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും കേരളത്തിലും സ്വകാര്യ മരുന്ന് കമ്പനി ഓരോ ഗുളികയും 225 മില്ലിഗ്രാം ഡോസിലാണ് നിര്‍മിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസില്‍ നിര്‍മിക്കാന്‍ അനുമതിയില്ലാത്ത ഇത്തരം ഗുളികകള്‍ മയക്കുമരുന്ന് വിപണനം ലക്ഷ്യമാക്കി സംഘം നിര്‍മിച്ചെടുത്ത ശേഷം തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്ത് അവര്‍ക്ക് വിസയും ടിക്കറ്റും നല്‍കി വിദേശത്തേക്ക് അയക്കുകയാണ്. എയര്‍പോര്‍ട്ടിലെ സ്‌കാനിംഗില്‍ തിരിച്ചറിയാത്തവിധം ബാഗിന്റെ ഉള്‍വശങ്ങളില്‍ പാക്ക് ചെയ്താണ് വിദേശ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ മുമ്പും മയക്കുമരുന്ന് ഗുളികകള്‍ വിദേശത്തേക്ക് അയച്ച ഈ സംഘത്തിലെ വാഹകരെ ഗള്‍ഫില്‍ പോലീസ് പിടികൂടിയതായും അവര്‍ അവിടെ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

തലച്ചോറിനെ ബാധിക്കുന്ന ഗുളികകള്‍ ഗള്‍ഫ് നാടുകളില്‍ നിരോധിച്ചിട്ടുണ്ട്. വളരെ ഡോസ് കുറച്ച് വേദന സംഹാരിയായി ഉപയോഗിക്കുന്നതിനുള്ള അനുമതിയുടെ മറവിലാണ് വലിയ അളവില്‍ മയക്കുമരുന്ന് വിപണി മാത്രം ലക്ഷ്യമാക്കി 225 എം ജി ഡോസില്‍ സംഘം നിര്‍മിക്കുന്നത്. ഗുളികകളുടെ ഫലം ആസ്വദിക്കുന്നതിന് കേരളത്തില്‍ പല പേരിലുള്ള പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയില്‍ വണ്ടൂര്‍, നിലമ്പൂര്‍, പൂങ്ങോട്ട്, കാളികാവ് എന്നിവിടങ്ങളിലെ വാഹകര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പിടികിട്ടാനുള്ള മുഖ്യ പ്രതിയുടെ വീടിനടുത്ത് രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചുവെച്ച മയക്കു മരുന്ന് ഗുളികകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, ദിനേശ് കിഴക്കേ കര, പ്രദീപ് കുമാര്‍, അനീഷ് പൂളക്കല്‍, അജീഷ്, ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.