Connect with us

Kerala

പഴങ്ങളും പച്ചക്കറികളും വിഷമുക്തമാക്കുന്ന ഔഷധക്കൂട്ടിന് ആഗോള അംഗീകാരം നേടി മലയാളി

Published

|

Last Updated

കണ്ണൂര്‍: വിഷവിമുക്ത പഴവും പച്ചക്കറികളും കേരളത്തിന് സ്വപ്‌നം മാത്രമാകുമ്പോള്‍ വിഷാംശം ഇല്ലായ്മ ചെയ്യാന്‍ വികസിപ്പിച്ചെടുത്ത ഔഷധക്കൂട്ടിന് ആഗോള അംഗീകാരം നേടിയിരിക്കുകയാണ് മലയാളി. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും വിഷാംശം ഇല്ലായ്മ ചെയ്യാന്‍ കാഞ്ഞങ്ങാട് സ്വദേശി അഡ്വ. കെ മോഹനന്‍ വികസിപ്പിച്ചെടുത്ത ഔഷധക്കൂട്ടിനാണ്് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചത്. പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണത്തില്‍ ഉരുത്തിരിഞ്ഞ ഔഷധം സംബന്ധിച്ച റിപ്പോര്‍ട്ട് വേള്‍ഡ് ഇന്‍ടലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്.

അഭിഭാഷകനായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അവധിയെടുത്ത് അല്‍ഐനിലെ പഴം പച്ചക്കറി രംഗത്തെ ലോകപ്രശസ്ത കമ്പനിയായ ബരാക്കത്ത് ഇന്റര്‍നാഷനല്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ കമ്പനിയില്‍ ജോലിചെയ്ത കാലയളവിലാണ് വിഷപ്രയോഗത്തിന്റെ രൂക്ഷത മോഹനന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നതും തദ്ദേശീയമായി കൃഷി ചെയ്യുന്നതുമായ പഴങ്ങളും പച്ചക്കറികളും എന്തുമാത്രം വിഷലിപ്തമാണെന്ന തിരിച്ചറിവിലായിരുന്നു മോഹനന്‍ പ്രതിവിധിക്കായുള്ള ഗവേഷണമാരംഭിച്ചത്. ഉത്പാദനം വര്‍ധിപ്പിക്കാനും കേടുവരാതിരിക്കാനും വളപ്രയോഗവും കീടനാശിനികളുടെ ഉപയോഗവുമൊക്കെ ഇലകളെയും പച്ചക്കറികളേയും കിഴങ്ങുകളേയും പഴങ്ങളേയും വിഷലിപ്തമാക്കുന്നു.

ക്യാന്‍സര്‍, ട്യൂമര്‍, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം, മനോരോഗം എന്നിവക്കൊക്കെ അടിസ്ഥാന കാരണങ്ങളിലൊന്നായി നാം ശരീരത്തിനകത്ത് ഭക്ഷണസാധനങ്ങളിലൂടെ നിത്യേനയെത്തിക്കുന്ന വിഷം മാറുമ്പോള്‍ അതിനെ തരണം ചെയ്യാനുള്ള പോംവഴി തേടി പുതിയൊരു ദൗത്യം ഏറ്റെടുക്കുകയായിരുന്നു മോഹനന്‍. പഴങ്ങളിലേയും പച്ചക്കറികളിലേയും വിഷാംശം വലിച്ചെടുക്കുന്ന ഔഷധമാണുണ്ടാക്കിയത്. പച്ചക്കറികളും പഴങ്ങളും ഒരു പാത്രത്തിലെ ശുദ്ധജലത്തിലിട്ട് അതില്‍ തന്റെ ഔഷധം ചേര്‍ക്കുകയും മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്ത് നന്നായി കഴുകുമ്പോഴേക്കും തൊലിപ്പുറത്തെ മാത്രമല്ല, അകത്തുള്ള വിഷാംശമടക്കം (ടോക്‌സിന്‍സ്) പൂര്‍ണമായി വേര്‍തിരിച്ചെടുക്കാനാകുമെന്ന് മോഹനന്‍ തെളിയിച്ചു. പഴങ്ങളിലേയും പച്ചക്കറികളിലേയും കിഴങ്ങുവര്‍ഗങ്ങളിലേയും ധാന്യങ്ങളിലേയും വിഷാംശം വലിച്ചെടുത്ത് അതിനെ ശുദ്ധീകരിക്കാനുള്ള ഔഷധക്കൂട്ട് തുടര്‍ന്നങ്ങോട്ട് രൂപപ്പെടുകയായിരുന്നു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന 26 ഔഷധികളും വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന രണ്ട് ജൈവ ചേരുവകളും പ്രത്യേക അനുപാതത്തില്‍ സമ്മേളിപ്പിച്ചുള്ള ഔഷധക്കൂട്ടാണ് മോഹനന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ലബോറട്ടറികളിലെ കൃത്യവും കര്‍ശനവുമായ പരീക്ഷണങ്ങള്‍ക്കു ശേഷം അമേരിക്കന്‍ പേറ്റന്റ് കമ്പനിയായ മാക്‌സ്‌വെല്‍ ഐപിയില്‍ നിന്ന് ഇന്ത്യന്‍ പ്രൊവിഷനല്‍ പേറ്റന്റും ലോകരാജ്യങ്ങളില്‍ ഔഷധം നിര്‍മിച്ച് വിപണനം ചെയ്യാനുള്ള പി സി ടി അംഗീകാരവും ഈ കണ്ടുപിടിത്തത്തിന് ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതില്‍ ബന്ധപ്പെട്ട ഗവേഷകരുടെ ഭാഗത്തു നിന്നുണ്ടായത് തടസ്സവാദങ്ങള്‍ മാത്രമായിരുന്നുവെന്ന്് മോഹനന്‍ പറഞ്ഞു.

ചുരുങ്ങിയ ചെലവില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുര്‍വേദ ഔഷധക്കൂട്ടിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും വിപണന സാധ്യതകളും വിശദീകരിച്ചു നല്‍കിയിട്ടും നാല് വര്‍ഷമായി യാതൊരു തിരുമാനവുമെടുക്കാന്‍ കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറായില്ല. കേരളത്തിലെ ലാബുകളില്‍ ഇതിന്റെ ശേഷി പരിശോധിക്കണമെന്ന നിര്‍ദേശം അവര്‍ മുന്നോട്ടുവെച്ചു. തുടര്‍ന്നങ്ങോട്ട് ഇതിനായി ലാബുകള്‍ കയറിയിറങ്ങുക മാത്രമായിരുന്നു മോഹനന്റെ ജോലി. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ പരിശോധനക്കായി സാമ്പിള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രകൃതിക്ക് മനുഷ്യനുണ്ടാക്കിയ വിപത്തിന് പ്രകൃതി തന്നെ നിര്‍ദേശിക്കുന്ന പരിഹാരമായാണ് തന്റെ ഔഷധത്തെ അഡ്വ. മോഹനന്‍ വിലയിരുത്തുന്നത്. ഗ്രാമീണമേഖലയിലും സ്വയം തൊഴില്‍ സംരംഭകരിലും കര്‍ഷകരിലുമെന്നു വേണ്ട നാനാനതലങ്ങളിലുള്ള സമഗ്രമായ വളര്‍ച്ചക്ക് വഴിവെക്കുന്ന പദ്ധതികളാണ് മോഹനന്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. തന്റെ ഗവേഷണ പ്രബന്ധം അന്തര്‍ദേശീയ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടതോടെ വീണ്ടും തന്റെ ജൈവൗഷധം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭകന്‍.

Latest