Connect with us

Kerala

മൊബൈല്‍ മോഷ്ടിച്ച് പണം തട്ടാന്‍ ശ്രമം; വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

വിപിന്‍, ഷൈന്‍

വണ്ടൂര്‍: എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. കൊല്ലം ചിറക്കോണം തോണ്ടിറക്ക് മുക്ക് സ്വദേശി വിനോദ് നിവാസില്‍ വിപിന്‍ (22), തിരുവനന്തപുരം പാറശ്ശാല നെടുവന്‍ വിള സ്വദേശി മച്ചിങ്ങംതോട്ടം ഷൈന്‍ (30) എന്നിവരെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫോട്ടോകളും നിരവധി രേഖകളുമടങ്ങുന്ന മൊബൈല്‍ ഫോണ്‍ തിരിച്ചുനല്‍കാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികളെ തന്ത്രപരമായി പോലീസ് വലയിലാക്കുകയായിരുന്നു.

മാര്‍ച്ച് 11ന് കോട്ടയത്ത് നിന്ന് ജോലിസ്ഥലമായ വണ്ടൂരിലേക്കുള്ള യാത്രക്കിടെ തൃശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ വെച്ചാണ് വണ്ടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ടി ആര്‍ രാജേഷിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. ഉടനെ മറ്റൊരു ഫോണില്‍ നിന്ന് ഇതിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ട് സിമ്മുകളാണ് ഫോണിലുണ്ടായിരുന്നത്. നിരവധി തവണ ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചതിനൊടുവില്‍ മോഷ്ടാക്കള്‍ ഫോണെടുത്ത് ഫോണ്‍ തിരികെ ലഭിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ഫോണിലുള്ള ബന്ധുക്കളുള്‍പ്പെടയുള്ള സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഫോണിലെ രേഖകള്‍ വിജിലന്‍സിന് കൈമാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നഷ്ടപ്പെട്ട ഫോണിലെ സിമ്മുകളുടെ ഡ്യൂപ്ലിക്കേറ്റ് എടുത്തിരുന്നു. ഇതോടെ പ്രതികള്‍ സ്വന്തം ഫോണില്‍ നിന്ന് ഇതിലേക്ക് വിളിക്കാന്‍ തുടങ്ങി. വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയ എക്‌സൈസ് ഇന്‍സ്‌പെക്ടറോട് പത്ത് ലക്ഷം രൂപ കുറച്ച് നല്‍കാന്‍ ആവശ്യപ്പെടാന്‍ എസ് ഐ. പി ചന്ദ്രന്‍ നിര്‍ദേശിച്ചു. പലതവണ ഫോണില്‍ വിലപേശല്‍ നടത്തി തുക മൂന്ന് ലക്ഷമാക്കി കുറച്ചു. പറഞ്ഞുറപ്പിച്ച തുക വാങ്ങാനായി വണ്ടൂരിലെത്തിയ പ്രതികളെ എസ് ഐ. പി ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്ന് നഷ്ടപ്പെട്ട മൊബൈല്‍ ഫോണും കണ്ടെടുത്തു.

അറസ്റ്റിലായ വിപിന്‍ ബെംഗളൂരുവില്‍ ബി ബി എം വിദ്യാര്‍ഥിയാണ്. പ്രതികള്‍ക്കെതിരെ മോഷണം, ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. സീനിയര്‍ സി പി ഒ. കെ മനോജ്, സി പി ഒമാരായ ഇ ഗിരീഷ്‌കുമാര്‍, സി സവാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest