സോണിയക്ക് കൈകൊടുത്ത് മമത

ബി ജെ പിയിലെ വിമത നേതാക്കളുമായും മമത  കൂടിക്കാഴ്ച  നടത്തി
Posted on: March 29, 2018 6:02 am | Last updated: March 29, 2018 at 11:40 am

ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പടയൊരുക്കത്തിന് വിശാല സഖ്യ രൂപവത്കരണ നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഡല്‍ഹിയില്‍ പര്യടനം തുടരുന്നു. ഇന്നലെ മമതാ ബാനര്‍ജി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യു പി എ അധ്യക്ഷയുമായ സോണിയ ഗാന്ധിയുമായും ബി ജെ പിയിലെ വിമത നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

ബി ജെ പിയില്‍ നിന്ന് അമിത് ഷാ- മോദി അപ്രമാദിത്വത്തിനെതിരെ നിലകൊള്ളുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ നേതാക്കളുമായാണ് മമത കൂടിക്കാഴ്ച നടത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിനായി എന്‍ ഡി എയിലെ സഖ്യകക്ഷിയായ ശിവസേനയുമായി ചൊവ്വാഴ്ച മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമത നേതാക്കളെയും അവര്‍ കണ്ടത്.

രാജ്യത്തിന് വേണ്ടി മികച്ച സേവനം ചെയ്യുന്ന വ്യക്തിയാണ് മമതയെന്നും അവര്‍ തന്റെ പഴയ സഹപ്രവര്‍ത്തകയാണെന്നും രാഷ്ട്രീയത്തെക്കാളും വലുതാണ് രാഷ്ട്രമെന്നും കൂടിക്കാഴ്ചക്ക് ശേഷം ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു. അതേസമയം, ബി ജെ പിയുടെ നിയന്ത്രണം നരേന്ദ്ര മോദിയില്‍ നിന്ന് അമിത് ഷായിലേക്ക് കൈമാറ്റം ചെയ്യുകയാണെന്ന് അരുണ്‍ ഷൂരി കുറ്റപ്പെടുത്തി.

ഇന്നലെ രാത്രി എട്ടരയോടെയാണ് മമതാ ബാനര്‍ജി ഡല്‍ഹിയിലെ ജന്‍പത് പത്തിലെ സോണിയയുടെ വസതിയില്‍ എത്തിയത്. ഡല്‍ഹിയില്‍ താന്‍ എപ്പോള്‍ എത്തിയാലും സോണിയാ ഗാന്ധിയെ കണാറുണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ആരോഗ്യത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും കൂടിക്കാഴ്ചയില്‍ സംസാരിച്ചതായും അവര്‍ വ്യക്തമാക്കി. ബി ജെ പിയുടെ രാഷ്ട്രീയത്തിനെതിരെ രാജ്യം ഒന്നായി പോരാടണം. പ്രദേശിക പാര്‍ട്ടികള്‍ക്ക് ബി ജെ പി വിരുദ്ധ മുന്നണി രൂപവത്കരിക്കുന്നതിന് കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകണമെന്നും ഉത്തര്‍ പ്രദേശില്‍ മായാവതിയുടെയും അഖിലേഷിന്റെയും പാര്‍ട്ടി ശക്തമാണെന്നും അതുകൊണ്ട് തന്നെ ബി ജെ പിക്കെതിരെ സംസ്ഥാനത്ത് അവര്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.

നോട്ട് റദ്ദാക്കല്‍, ജി എസ് ടി, വായ്പാ തട്ടിപ്പ് എന്നിവയെ തുടര്‍ന്ന് ബി ജെ പിക്കെതിരെ രാജ്യമൊട്ടാകെ ജനവികാരം ശക്തമാണെന്നും ബി ജെ പിയെ അധികാരത്തില്‍ നിന്ന് കെട്ടുകെട്ടിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാളുമായും അവര്‍ കൂടിക്കാഴ്ച നടത്തി. എം എല്‍ എമാരെ പുറത്താക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി എ എ പി വൃത്തങ്ങള്‍ പറഞ്ഞു.

ബി ജെ പിക്കെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ സി പി നേതാവ് ശരത് പവാര്‍, ഡി എം കെ നേതാവ് കനിമൊഴി, എസ് പി നേതാവ് രാം ഗോപാല്‍ യാദവ് എന്നിവരുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.