Connect with us

Editorial

കര്‍ണാടകയിലെ വോട്ടും തീയതി ചോര്‍ച്ചയും

Published

|

Last Updated

അയല്‍ സംസ്ഥാനമായ കര്‍ണാടക മെയ് 12ന് ബൂത്തിലേക്ക് പോകുകയാണ്. വിജ്ഞാപനം അടുത്ത മാസം 17ന് വരും. മെയ് 15നാണ് ഫലം പുറത്ത് വരിക. ഇതിനകം തന്നെ പ്രചാരണം കൊടുമ്പിരികൊണ്ട് കഴിഞ്ഞ കര്‍ണാടകയില്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ മുഖ്യ പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ഏറ്റവും ഉന്നതരായ നേതാക്കള്‍ തന്നെയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി. ത്രിപുരയിലെ അട്ടിമറി വിജയവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപവത്കരണ വിജയങ്ങളും കാവി പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ചുവെന്ന് പറയപ്പെടുന്ന തരംഗം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അവര്‍ കരുതുന്നു. സംസ്ഥാനത്തെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ നേട്ടങ്ങളും ഏറ്റവും ഒടുവില്‍ കൈകൊണ്ട, ലിംഗായത്ത് സമുദായത്തിനുള്ള മതപദവി അടക്കമുള്ള തന്ത്രപരമായ തീരുമാനങ്ങളും ചിട്ടയായ പ്രവര്‍ത്തനവും കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം ഉയര്‍ത്തുന്നുണ്ട്. ബി ജെ പി നടത്തിയ സര്‍വേ പോലും കോണ്‍ഗ്രസിന് മേല്‍ക്കൈ അംഗീകരിക്കുമ്പോള്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് കരുക്കള്‍ നീക്കുന്നത്. ജെ ഡി എസിന്റെ സാന്നിധ്യം എത്രമാത്രം ശക്തമാണെന്നത് ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒരു പോലെ ബാധിക്കുന്ന ഘടകമാണ്.

ദക്ഷിണേന്ത്യയില്‍ ബി ജെ പി അധികാരം പിടിച്ച ചരിത്രമുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. അവിടെ ആ പാര്‍ട്ടി താഴേത്തട്ടില്‍ നല്ല സംഘടനാ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സര്‍വേകള്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും ഒരു കാര്യം സമ്മതിച്ചേ തീരൂ. ആര്‍ എസ് എസിന്റെ മുന്‍കൈയില്‍ കാടിളക്കി പ്രചാരണം നടത്താനും വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന തന്ത്രങ്ങള്‍ മെനയാനും ബി ജെ പിക്ക് സാധിക്കും. ബി ജെ പി ഇന്ന് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. രാജ്യത്തിന്റെ പാരമ്പര്യത്തെയും ഭരണഘടനയെ തന്നെയും അപകടത്തിലാക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ മൂര്‍ത്തീഭാവമായി അത് മാറിയിരിക്കുന്നു. കേന്ദ്ര ഭരണം കൈവന്നതോടെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഒന്നടങ്കം വിഷലിപ്തമായ വിഭജന അജന്‍ഡകള്‍ പല നിലകളില്‍ നടപ്പാക്കികൊണ്ടിരിക്കുന്നു. അത് ദളിതരിലും ന്യൂനപക്ഷങ്ങളിലും ഉണ്ടാക്കിയിട്ടുള്ള അരക്ഷിതാവസ്ഥയും അന്യവത്കരണവും അതിഭീകരമാണ്. ഈ സാഹചര്യത്തില്‍ ഏത് തിരഞ്ഞെടുപ്പ് ഗോദയും ഫാസിസത്തിനെതിരായ പോരാട്ട വേദിയായി മാറേണ്ടിയിരിക്കുന്നു. ആ അര്‍ഥത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തോടെയും പ്രതീക്ഷയോടെയുമാണ് മതേതര വിശ്വാസികള്‍ ഉറ്റു നോക്കുന്നത്.

ഫാസിസത്തിന്റെ ഒരു പ്രധാനഘട്ടമായി കണക്കാക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുകയും കീഴടക്കുകയും ചെയ്യുകയെന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ല് കാലാകാലങ്ങളില്‍ നടന്നുവരുന്ന, താരതമ്യേന കുറ്റമറ്റതെന്ന് പറയാവുന്ന വോട്ടെടുപ്പുകളാണല്ലോ. അത് നടത്തുന്നതാകട്ടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനവും. കമ്മീഷന് ഒരു പാര്‍ട്ടിയോടും വിധേയത്വമോ ശത്രുതയോ പാടില്ല. അത് സമ്പൂര്‍ണമായി പക്ഷരഹിതമായിരിക്കണം. വിശ്വാസ്യതയാണ് അതിന്റെ ജീവവായു. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ തന്നെ ആ വിശ്വാസ്യത ഉടഞ്ഞു വീണിരിക്കുന്നുവെന്ന് ഉച്ചത്തില്‍ പറഞ്ഞേ തീരൂ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബി ജെ പി. ഐ ടി സെല്‍ മേധാവി അമിത് മാളവ്യ പുറത്ത് വിട്ടത് ചെറിയ കാര്യമായി കാണാനാകില്ല. രാവിലെ പതിനൊന്നിനാണ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍ 11.8 ആയപ്പോഴേക്കും അമിത് മാളവ്യ തിരഞ്ഞെടപ്പ് തീയതി ട്വിറ്ററില്‍ രേഖപ്പെടുത്തുകയായിരുന്നു. “കര്‍ണാടക മെയ് 12ന് വോട്ട് ചെയ്യും. വോട്ടെണ്ണല്‍ മെയ് പതിനെട്ട് എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്”. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കി. അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. ചാനലില്‍ കണ്ട വാര്‍ത്താ ശകലമാണ് താന്‍ ട്വീറ്റ് ചെയ്തതെന്ന മാളവ്യയുടെ ന്യായീകരണം മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ അപ്പടി വിശ്വസിക്കാവുന്നതല്ല. തീയതി ചോര്‍ന്നുവെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഭരണ കക്ഷിയുടെ നേതാവിന് ആര് ചോര്‍ത്തി കൊടുത്തു? ഭരണകക്ഷിക്ക് വിജയ തന്ത്രങ്ങള്‍ മെനയാന്‍ എന്തൊക്കെ വിവരങ്ങള്‍ ഇങ്ങനെ ചോര്‍ത്തി നല്‍കുന്നുണ്ടായിരിക്കണം. എന്തൊക്കെ “ഫേവറു”കളാണ് കമ്മീഷന്‍ ഭരണകക്ഷിക്ക് ചെയ്തുകൊടുക്കുന്നത്? കോടതി, പട്ടാളം, പോലീസ് തുടങ്ങിയ സംവിധാനങ്ങളെല്ലാം രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ എന്താകും ജനാധിപത്യത്തിന്റെ ഭാവി?

നരേന്ദ്ര മേദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് കേഡറില്‍ ഉദ്യോഗസ്ഥനായിരുന്നയാളാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത്. ഇത് സംശയം ബലപ്പെടുത്തുന്ന ഘടകമാണ്. വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം സംബന്ധിച്ച് വ്യാപക പരാതിയുയരുന്ന സാഹചര്യത്തില്‍ ഇത്തരം വിശ്വാസ്യതാ നഷ്ടങ്ങള്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വോട്ടിംഗ് മെഷീന് വേണ്ടി വീറോടെ വാദിക്കുകയാണല്ലോ കമ്മീഷന്‍ ചെയ്തത്. ഒപ്പം വോട്ടെടുപ്പ് നടക്കേണ്ട ഹിമാചലിലെ തീയതി പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തിലെ തീയതി പ്രഖ്യാപിക്കാതിരുന്നതും കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുയര്‍ന്നതാണ്. ഇരട്ടപ്പദവിയുടെ പേര് പറഞ്ഞ് ആം ആദ്മി എം എല്‍ എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയപ്പോഴും ഈ ചോദ്യമുയര്‍ന്നു. ഒടുവില്‍ കോടതി അയോഗ്യത നീക്കിയിരിക്കുകയാണ്. ഭരണ സംവിധാനത്തില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തമുണ്ട് എന്ന് ആശ്വാസം കൊള്ളാന്‍ സാധാരണ പൗരന്‍മാര്‍ക്കുള്ള ഒരേയൊരു അവസരമാണ് വോട്ടെടുപ്പ്. അതിനെയും ഒരു അസംബന്ധ നാടകമാക്കി അധഃപതിപ്പിക്കരുത്. തീയതി ചോര്‍ത്തിയവരെ കണ്ടെത്തി ശിക്ഷിക്കാനും വിശ്വാസ്യത തിരിച്ചുപിടിക്കാനും തിര. കമ്മീഷന്‍ തയ്യാറാകണം.

Latest