പിതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി; പോലീസിനെതിരെ വനിതാഡോക്ടര്‍

മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി
Posted on: March 28, 2018 10:04 pm | Last updated: March 29, 2018 at 9:56 am
SHARE
ഡോ. ഹര്‍ഷിതയും പിതാവ് ബദറുദ്ദീനും

തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനു തൊട്ടുമുമ്പ് ചെറിയ തര്‍ക്കത്തിന്റെ പേരില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ വനിതാഡോക്ടര്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. കഴക്കൂട്ടം കരിമണല്‍ എസ് എഫ് എസ് വാട്ടര്‍സ്‌കേപ് ആര്‍ ബിയില്‍ ഹക്കീം ബദറുദീന്റെ(45) മകള്‍ ഡോ. ഹര്‍ഷിതയാണ് പരാതി നല്‍കിയത്. വിവാഹ നിശ്ചയമാണെന്ന് അറിയിച്ചിട്ടും പോലീസ് കനിവ് കാണിച്ചില്ലെന്നും നിരവധി പേരെ വിളിച്ചുവരുത്തിയ വിവാഹ നിശ്ചയം മുടങ്ങിയത് മൂലം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ചതിനാണ് കേസെടുത്തതെന്നാണ് പോലീസ് ഭാഷ്യം.
കഴിഞ്ഞ 16നു വൈകുന്നേരമാണ് സംഭവം നടന്നത്. 16ന് വൈകിട്ട് അഞ്ചിനാണു വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയില്‍ എത്തുന്നതിനായി പുലിപ്പാറ വളവില്‍ വച്ച് 4.10നു വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാനും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ ഉരസി. വാനിന്റെ ചില്ലു തകര്‍ന്നു. ബസ് ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ പാങ്ങോട് സ്‌റ്റേഷനില്‍ വിളിച്ചതിനെതുടര്‍ന്ന് ഗ്രേഡ് എസ് ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങ് മുടക്കരുതെന്നും അതിനുശേഷം സ്‌റ്റേഷനില്‍ എത്താമെന്നും ഹക്കീം അഭ്യര്‍ഥിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.
ബസ്‌െ്രെഡവര്‍ ബിജുമോനെയും വാനില്‍ ഉണ്ടായിരുന്ന 27 പേരെയും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഉമ്മ ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നുവെന്ന് ഡോ. ഹര്‍ഷിത പറയുന്നു. ഹക്കിം ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് സെല്ലിനുള്ളില്‍ അടച്ചു. രാത്രി 9.30ന് എസ് ഐ. എസ് നിയാസ് സ്‌റ്റേഷനില്‍ എത്തി. െ്രെഡവര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടെന്നും ഒത്തുതീര്‍പ്പാക്കിവന്നാല്‍ ആലോചിക്കാമെന്നും എസ് ഐ പറഞ്ഞെങ്കിലും ഒത്ത് തീര്‍പ്പ് ചര്‍ച്ചകളൊന്നും നടന്നില്ല.
രാത്രി 10.30ന് വരന്റെ വീട്ടുകാര്‍ െ്രെഡവറെ അന്വേഷിച്ചു കണ്ടെത്തി പ്രശ്‌നങ്ങള്‍ സംസാരിച്ചുതീര്‍ത്തുവെന്ന് അറിയിച്ചപ്പോള്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തുവെന്നു പറഞ്ഞ് എസ് ഐ അറിയിക്കുകയായിരുന്നു. ഇതിനിടെ വാന്‍ െ്രെഡവറെ പൊലീസുകാര്‍ പറഞ്ഞുവിടുകയും ഹക്കീമിനെ സെല്ലിലടച്ചു. രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. 20 വരെ റിമാന്‍ഡ് ചെയ്തു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സ്‌റ്റേഷനില്‍ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അരമണിക്കൂര്‍ വൈകിയിരുന്നു. ഗതാഗതക്കുരുക്കില്‍പെട്ടുവെന്നു പറഞ്ഞപ്പോള്‍ എസ് ഐ തട്ടിക്കയറി. ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാന്‍ എസ് ഐ നിര്‍ദേശിച്ചുവെന്നും ഹക്കീം തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ വളഞ്ഞു. ഒടുവില്‍ നിവൃത്തിയില്ലാതെ ഒപ്പിട്ടുകൊടുക്കുകയായിരുന്നുവെന്നും ഡോ. ഹര്‍ഷിത പറയുന്നു. ഹക്കിമീന്റെ ജാമ്യം റദ്ദാക്കണമെന്നാണു നെടുമങ്ങാട് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.