Connect with us

Kerala

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് മധ്യവയസ്‌കന്‍ വെന്തുമരിച്ചു

Published

|

Last Updated


പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍

കോട്ടയം: പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് മധ്യവയസ്‌കന്‍ വെന്തുമരിച്ചു. ഇന്നലെ 1.15നാണ് സംഭവം നടന്നത്. പാലാ മുരിക്കുംപുഴ താഴത്ത്പാണാട്ട് പി.ജി. സുരേഷാണ് (63) മരിച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരായയിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോഴും സുരേഷിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നില്ല. ഇയാള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പുറത്തിറങ്ങാന്‍ നാട്ടുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ഇയ്യാള്‍ കൂട്ടാക്കിയില്ലെന്ന് പറയപ്പെടുന്നു.

പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. കാറിനുള്ളില്‍ പെട്രോള്‍ പടര്‍ന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നയാള്‍ ഇരുപത് മിനിറ്റ് സമയത്തിലധികം കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായും ദീര്‍ഘനേരം ഫോണ്‍ വിളിക്കുന്നതായും കണ്ടതായി സമീപവാസികള്‍ പറയുന്നു. പാലാ സി ഐ രാജന്‍ കെ. അരമന, എസ് ഐമാരായ അഭിലാഷ് കുമാര്‍, എം എച്ച് അനുരാജ്, എ എസ് ഐ തോമസ് സേവ്യര്‍, ജയചന്ദ്രന്‍, ജോസ് കുര്യന്‍, സുനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. ഭാര്യ ഡോ. വാസന്തി തൊടുപുഴ മാരിയില്‍ കുടുംബാംഗം. മക്കള്‍: നവീന്‍ (യു എസ് എ), ഡോ. പാര്‍വ്വതി. മരുമക്കള്‍: അപര്‍ണ്ണ, ഡോ. ബിജോയി. പാലാ വെള്ളാപ്പാട് ഫാസ്റ്റ് സ്‌പെയ്‌സ് കമ്പ്യൂട്ടര്‍ സെന്ററും കുടക്കച്ചിറയില്‍ അക്ഷയ കേന്ദ്രവും നടത്തുകയായിരുന്നു സുരേഷ്.

 

Latest