Connect with us

National

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷകള്‍ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി ബി എസ് ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷയുമാണ് റദ്ദാക്കിയത്. ഈ പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സി ബി എസ് ഇ അറിയിച്ചു. തീയതി ഒരാഴ്ചക്കുള്ളില്‍ അറിയിക്കുമെന്നും സി ബി എസ് ഇ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബോര്‍ഡിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിനും വിദ്യാര്‍ഥകളുടെ നീതി പരിഗണിച്ചും ഈ പരീക്ഷകള്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചതായും സി ബി എസ് ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. പുനഃപരീക്ഷകളുടെ തീയതി ഒരാഴ്ചക്കുള്ളില്‍ സി ബി എസ് ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഐ പി സി 420, 406 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും കൂടുതല്‍ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സംഭവത്തിന് പിന്നില്‍ ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റകൃത്യം വ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

സി ബി എസ് ഇയുടെ ചോദ്യപേപ്പര്‍ ചോരുന്നുവെന്ന ആരോപണം ഇതിന് മുമ്പും ഉയര്‍ന്നിരുന്നു. ചോദ്യപേപ്പുറുകള്‍ നിരന്തരം ചോരുന്നതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന്റെ ചോദ്യപേപ്പറും പത്രണ്ടാം ക്ലാസിലെ ജീവശാസ്ത്രത്തിന്റെ ചോദ്യപേപ്പുറും ചോര്‍ന്നതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഈ മാസം 15ന് അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറും കെമിസ്ട്രി ചോദ്യപേപ്പറും ചോര്‍ന്നതായും ആക്ഷേപമുണ്ട്. ഡല്‍ഹിയിലെ റോഹ്‌നി ഏരിയയില്‍ ചോദ്യപേപ്പറിന്റെ പകര്‍പ്പ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതെന്നാണ് വിവരം. ഇക്കാര്യം ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിക്കുയും ചെയ്തിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്നതിനായി ഉദ്യോഗസ്ഥതലം മുതല്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നണ്ടെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സംശയിക്കുന്നത്. എന്നാല്‍, ആരോപണമുയര്‍ന്നപ്പോള്‍ ഇക്കാര്യങ്ങള്‍ സി ബി എസ് ഇ നിഷേധിക്കുകയായിരുന്നു. നേരത്തെ 2006 ലും 2011ലും സി ബി എസ് സിയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് വിവാദമായിരുന്നു.