കീഴാറ്റൂരില്‍ മുതലെടുപ്പിനൊരുങ്ങി ബി ജെ പി

  • കര്‍ഷക മാര്‍ച്ച് മൂന്നിന്
  • എലിവേറ്റഡ് ഹൈവേക്കെതിരായ പ്രതിരോധം സൃഷ്ടിക്കുക ബി ജെ പിലക്ഷ്യം
  • ബദല്‍ പാത സംബന്ധിച്ച ധാരണയില്ല
Posted on: March 28, 2018 6:25 am | Last updated: March 28, 2018 at 12:56 am
SHARE

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പിടിച്ചുതൂങ്ങി ബി ജെ പി മുതലെടുപ്പിനൊരുങ്ങുന്നു. സമര പക്ഷത്തുള്ള വയല്‍ക്കിളികളോട് സി പി ഐയും കോണ്‍ഗ്രസും പുലര്‍ത്തുന്ന എങ്ങും തൊടാത്ത നിലപാടിനെ മുതലെടുത്താണ് വയല്‍ക്കിളി സമരത്തെ ഹൈജാക്ക് ചെയ്യാനുള്ള ബി ജെ പിയുടെ പുറപ്പാട്.

കീഴാറ്റൂര്‍ സമരത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ വിരുദ്ധ ചേരിയില്‍ വയല്‍ക്കിളികള്‍ക്കൊപ്പം ഉറച്ചു നിന്ന കോണ്‍ഗ്രസും സി പി ഐയും എലിവേറ്റഡ് ഹൈവേ എന്ന സി പി എമ്മിന്റെ തന്ത്രത്തില്‍ കുരുങ്ങി വിഷയത്തില്‍ വ്യക്തമായ നിലപാടെടുക്കാനാകാത്ത അവസ്ഥയിലാണ്. സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കീഴാറ്റൂരില്‍ ഈയൊരു അനുകൂല സാഹചര്യം മുതലെടുക്കുക എന്നതിലുപരി സി പി എം കേന്ദ്ര സര്‍ക്കാറിന്റെ കോര്‍ട്ടിലേക്കെറിഞ്ഞ എലിവേറ്റഡ് ഹൈവേക്കെതിരായ പ്രതിരോധം സൃഷ്ടിക്കുക കൂടിയാണ് ബി ജെ പിയുടെ ലക്ഷ്യം.

കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമര ചേരിയായ വയല്‍ക്കിളികള്‍ നടത്തുന്ന ലോംഗ്മാര്‍ച്ചിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിനൊപ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂരില്‍ കര്‍ഷക മാര്‍ച്ചിനു കൂടി ബി ജെ പി ആസൂത്രണം ചെയ്തിരിക്കുകയാണ്. അടുത്ത മാസം മൂന്നിന്് കീഴടങ്ങില്ല, കീഴാറ്റൂര്‍ എന്ന പ്രമേയത്തിലാണ് ബി ജെ പി കീഴാറ്റൂരില്‍ നിന്ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

കീഴാറ്റൂരില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുക. നന്ദിഗ്രാമിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ കൂടി മാര്‍ച്ചില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കീഴാറ്റൂരില്‍ ബദല്‍ പാത വേണമെന്നാണ് ബി ജെ പിയുടെ ആവശ്യം. ബദല്‍ പാതയെ സംബന്ധിച്ച ഒരു ധാരണയും പാര്‍ട്ടി അവതരിപ്പിക്കുന്നുമില്ല. എന്നാല്‍, വയല്‍ നികത്തിയുള്ള ബൈപ്പാസ് പദ്ധതിക്ക് ശക്തമായ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ എലിവേറ്റഡ് ഹൈവേ (വയലിനു മുകളിലൂടെയുള്ള പാലം) നിര്‍ദേശവുമായി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ദേശീയ പാതാ വികസന അതോറിറ്റിയേയും കേന്ദ്ര സര്‍ക്കാറിനേയും സമീപിച്ചതിനെ ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് ശക്തമായി വിമര്‍ശിച്ചു.

എലിവേറ്റഡ് ഹൈവേയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയുടെയടുത്തേക്കല്ല പോവേണ്ടത്.
മറിച്ച് കീഴാറ്റൂരിലെ കര്‍ഷകരുടെ സമീപത്തേക്കാണെത്തേണ്ടതെന്ന് കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിനര്‍ഥം, കീഴാറ്റൂരിലെ എലിവേറ്റഡ് ഹൈവേ എന്ന ആശയത്തിന് സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ കേന്ദ്രത്തിന് പച്ചക്കൊടി കാണിക്കാനാവില്ലെന്നതു തന്നെയെന്നതില്‍ കര്‍ക്കമില്ല.