ഏഷ്യന്‍ കപ്പ്: ഇന്ത്യക്ക് പരാജയം

ഇന്ത്യയുടെ 13 മത്സരങ്ങളിലെ അപരാജിത മുന്നേറ്റത്തിന് അവസാനമായി
Posted on: March 28, 2018 6:28 am | Last updated: March 28, 2018 at 12:40 am

ബിഷ്‌കേക്: കിര്‍ഗിസ്ഥാനുമായി നടന്ന ഏഷ്യന്‍ കപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഇതോടെ ഇന്ത്യയുടെ 13 മത്സരങ്ങളിലെ അപരാജിത മുന്നേറ്റത്തിന് അവസാനമായി. രണ്ടിനെതിരെ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബെംഗളുരുവില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. ഇരുടീമുകളും നേരത്തെ യോഗ്യത നേടിയിരുന്നതിനാല്‍ മത്സരഫലം പ്രസക്തമല്ലായിരുന്നു.
സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയുമായി കളിച്ച കിര്‍ഗിസ്ഥാനെതിരെ കളിയില്‍ ഒരുസമയത്ത് മേധാവിത്വം നേടാനായിരുന്നില്ല. ഇന്ത്യ നിലയുറപ്പിക്കും മുന്നേ ശെംലിയാകിന്‍ ആന്റണ്‍ കിര്‍ഗിസ്ഥാനെ മുന്നിലെത്തിച്ചു. കളി തുടങ്ങി രണ്ടാംമിനിറ്റിലായിരുന്നു ആതിഥേയരുടെ ഗോള്‍.

ആദ്യപകുതിയില്‍ രണ്ടുതവണ ഇന്ത്യന്‍ താരം ബല്‍വന്ത് സിംഗ് പന്ത് പോസ്റ്റിലെത്തിച്ചുവെങ്കിലും രണ്ടുതവണയും റഫറി ഓഫ്‌സൈഡ് വിസിലൂതിയിരുന്നു.

രണ്ടാംപകുതി തുടങ്ങിയത് ഇന്ത്യന്‍ ആക്രമണത്തോടെയായിരുന്നു. 46-ാം മിനിറ്റിലെ ബല്‍വന്തിന്റെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. കളിയുട 72-ാം മിനിറ്റില്‍ മുര്‍സേവ് മിര്‍ലനിലൂടെ ആതിഥേയരുടെ രണ്ടാംഗോളും വന്നു.

കളിതീരാന്‍ മിനിറ്റുകള്‍ അവശേഷിക്കവേ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. 88-ാം മിനിറ്റില്‍ ജെജെയിലൂടെ ഇന്ത്യയുടെ മറുപടി ഗോള്‍ വന്നു (2-1).

ഇന്ത്യ ഫസ്റ്റ് ഇലവന്‍: ഗുര്‍പ്രീത് സിംഗ് (ഗോളി), നിഷുകുമാര്‍, അനസ് എടത്തോടിക, സന്ദേശ് ജിംഗന്‍, നാരായണന്‍ ദാസ് (പ്രതിരോധം), ഉദാന്ത സിംഗ്, ധനപാല്‍ ഗണേഷ്, റോളിംഗ് ബോര്‍ഗസ്, ഹോളിചരണ്‍ നസ്‌റി (മധ്യനിര), ബല്‍ബന്ത് സിംഗ്, ജെജെ ലാല്‍പെഗുല(മുന്നേറ്റം).