Connect with us

Editorial

ഡോക്ടര്‍മാരുടെ വിദേശ ജോലിക്ക് നിയന്ത്രണം

Published

|

Last Updated

രാജ്യത്ത് ആരോഗ്യരംഗം കാര്യക്ഷമമാക്കാന്‍ പ്രൊഫ. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ പാര്‍ലിമെന്റ് സമിതി സര്‍ക്കാറിന് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കയാണ്. ഡോക്ടര്‍മാര്‍ നിശ്ചിത കാലം രാജ്യത്ത് ജോലി ചെയ്യണം. ആ കാലയളവിന് ശേഷം മാത്രമേ അവരെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കാവൂ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ ഗ്രാമീണ സേവനം നിര്‍ബന്ധമാക്കണം. പാരാമെഡിക്കല്‍ കോഴ്‌സുകളായ ഫിസിയോതെറാപ്പി, ഓപ്‌റ്റോമെട്രി അടക്കമുള്ളവയുടെ നിലവാരം ഉറപ്പാക്കാന്‍ നിലവില്‍ രാജ്യത്ത് സംവിധാനങ്ങളില്ല, ഇത് പരിഹരിക്കാന്‍ ഈ രംഗത്ത് ലൈസന്‍സിന്റെയും അക്രഡിറ്റേഷന്റെയും മാനദണ്ഡങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം തുടങ്ങിയവയാണ് സമിതിയുടെ നിര്‍ദേശങ്ങള്‍.

ക്കും സര്‍ക്കാര്‍ ചെലവിടുന്നത് ദശലക്ഷങ്ങളാണ്. രാജ്യത്തെ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നത്. കുറച്ചുകാലത്തേക്കെങ്കിലും നാട്ടില്‍ തന്നെ സേവനം അനുഷ്ഠിച്ചെങ്കിലേ ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്കും രാജ്യത്തിനും ലഭിക്കുകയുള്ളൂ. എന്നാല്‍ എം ബി ബി എസ് ബിരുദം ലഭിച്ചു കഴിഞ്ഞാല്‍ വിദേശത്തേക്ക് കടക്കുകയാണ് പലരും. സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയ ശേഷം ലീവെടുത്താണ് ചിലരുടെ പോക്ക്. ഇന്ത്യയില്‍ ഒരു വര്‍ഷം ജോലി ചെയ്താല്‍ ലഭിക്കുന്ന തുക ഗള്‍ഫ് നാടുകളിലും മറ്റും ഒരു മാസം കൊണ്ട് നേടാനാകും. സര്‍ക്കാര്‍ സര്‍വീസില്‍ രോഗികളെ ചികിത്സിക്കേണ്ട ഘട്ടത്തിലാണ് ഇവര്‍ അവധിയെടുത്തു പുറത്തേക്ക് പറക്കുന്നത്. ഇത് മൂലം രാജ്യത്തെ ചികിത്സാ രംഗം താറുമാറാവുകയാണ്.

ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തന്നെ ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യാന്‍ വിമുഖതയാണ്. ഗ്രാമീണ ആരോഗ്യ മേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ പോലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവ് ചികിത്സാ മേഖലയെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി പി ജി കോഴ്‌സില്‍ പ്രവേശനം നേടുന്ന ഡോക്ടര്‍മാര്‍ക്ക് കോഴ്‌സിന് ശേഷം മൂന്ന് വര്‍ഷം നിര്‍ബന്ധിത ഗ്രാമീണ സേവനം ഏര്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. ഇതിനിടെ ഗ്രാമങ്ങളിലെ നിര്‍ബന്ധിത സേവനത്തിന് തയാറാകാത്ത 4548ഡോക്ടര്‍മാരുടെ ലൈസന്‍സ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ബിരുദമെടുക്കുന്നവര്‍ ഒരു വര്‍ഷം ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ഠിക്കണമെന്ന് കരാറുണ്ട്. ഇതിന് താത്പര്യമില്ലാത്ത എം ബി ബി എസ് ബിരുദധാരികള്‍ 10 ലക്ഷം രൂപയും ബിരുദാനന്തര ബിരുദധാരികള്‍ 50 ലക്ഷം രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ രണ്ട് കോടി രൂപയും പിഴ നല്‍കണമെന്നാണ് നിബന്ധന.

ഡോക്ടര്‍മാരുടെ കുറവും ഗ്രാമീണ മേഖലകളില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതും യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍ ചികിത്സാരംഗം കൈയടക്കാന്‍ ഇടയാക്കുകയാണ്. മുറിവൈദ്യന്മാരും വ്യാജഡോക്ടര്‍മാരും ജനങ്ങളെ ചികിത്സിക്കുന്നത് വ്യാപകമാണ്്. രാജ്യത്ത് 57 ശതമാനം അലോപ്പതി ഡോക്ടര്‍മാര്‍ക്കും അവശ്യമായ മെഡിക്കല്‍ യോഗ്യതയില്ലെന്നും 31 ശതമാനം പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം പോയിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന 2016ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നഴ്‌സുമാരിലും മിഡ്‌വൈഫുമാരിലും 67.1 ശതമാനം പേര്‍ക്ക് സെക്കന്‍ഡറിതലം വരെയുള്ള വിദ്യാഭ്യാസം മാത്രമേയുള്ളൂ. അലോപ്പതി ഡോക്ടര്‍മാരുടെ കുറവ് ചികിത്സാ രംഗത്ത് സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാനാണ് ആയുര്‍വേദ, യൂനാനി, സിദ്ധ, ഹോമിയോ ചികിത്സകര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പതി ചികിത്സ നടത്താന്‍ അനുവദിക്കുന്ന ബില്ല് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് അലോപ്പതി ഡോക്ടര്‍മാരുടെ ശക്തമായ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ സാധിച്ചിട്ടുമില്ല.

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റെയും മുഖ്യസമ്പത്ത്. ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ജനങ്ങളില്‍ പകുതിയിലേറെയും പാവപ്പെട്ടവരാകുകയും രാജ്യത്തെ ചികിത്സാചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊതുചികിത്സാ രംഗം കാര്യക്ഷമമാക്കിയെങ്കിലേ പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കാനാകൂ. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രോഗി-ഡോക്ടര്‍ അനുപാതം ഇവിടെ കുറവാണ്. ആയിരം പേര്‍ക്ക് ഒരു ഡോക്ടറെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന അനുപാതം. രാജ്യത്തെ ഡോക്ടര്‍മാരുടെ എണ്ണം എട്ടു ലക്ഷമാണ്. 1,668 രോഗികള്‍ക്ക് ഒരു ഡോക്ടര്‍. ഉള്ളവര്‍ തന്നെ സാമ്പത്തിക ലക്ഷ്യം വെച്ചു വിദേശത്തേക്ക് പറക്കുമ്പോള്‍ അനുപാതം പിന്നെയും വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലാണ് നാട്ടില്‍ നിശ്ചിത കാലയളവില്‍ നിര്‍ബന്ധ സേവനമെന്ന നിര്‍ദേശം പാര്‍ലിമെന്റ്‌സമിതി മുന്നോട്ടു വെച്ചത്. സുരക്ഷാപ്രശ്‌നവും സൗകര്യങ്ങളുടെ അപര്യാപ്തതയും സ്വകാര്യ ചികിത്സയിലൂടെയും മറ്റും നഗര പ്രദേശങ്ങളില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക നേട്ടവുമാണ് ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയോട് മുഖം തിരിക്കാന്‍ പ്രധാന കാരണം. ഇതു കണക്കിലെടുത്ത് ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധിത സേവനം ചെയ്യുന്നവര്‍ക്ക് ഉചിതമായ വേതനവും സുരക്ഷയും ആവശ്യമായ സ്റ്റാഫും സൗകര്യങ്ങളും ഉണ്ടെന്ന ഉറപ്പ് വരുത്തണമെന്ന് സമിതി നിര്‍ദേശിക്കുന്നുണ്ട്. തീര്‍ച്ചയായും പരിഗണന അര്‍ഹിക്കുന്നതാണ് സമിതി റിപ്പോര്‍ട്ട്. ഗ്രാമീണ ആരോഗ്യ മേഖലയുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.